വേൾഡ് കപ്പിൽ വിജയിച്ചു തുടങ്ങി അർജന്റീന,പിന്തുണയുമായി ഡി മരിയയും പരേഡസും

ഈ വർഷത്തെ അണ്ടർ 20 വേൾഡ് കപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായിട്ടുള്ളത്. അർജന്റീനയാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതുകൊണ്ടുതന്നെ വേൾഡ് കപ്പിന് ആതിഥേയർ എന്ന നിലയിൽ യോഗ്യത നേടിയ അർജന്റീന ആദ്യ മത്സരം തന്നെ വിജയിച്ചു തുടങ്ങിയിട്ടുണ്ട്.

ഉസ്ബക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജന്റീന വിജയം നേടിയിരുന്നത്.മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ ഉസ്ബക്കിസ്ഥാനായിരുന്നു ലീഡ് നേടിയിരുന്നത്.പക്ഷേ അവരുടെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.27ആം മിനുട്ടിൽ വെലിസിലൂടെ അർജന്റീന സമനില പിടിക്കുകയായിരുന്നു.

പിന്നീട് 41ആം മിനിട്ടിലാണ് അർജന്റീന അണ്ടർ 20 ടീമിന്റെ വിജയഗോൾ പിറക്കുന്നത്.സൂപ്പർ താരം വാലന്റീൻ കാർബോനിയാണ് അർജന്റീനക്ക് വേണ്ടി വിജയ ഗോൾ നേടിയത്.അതിനുശേഷം മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.ഇതോടുകൂടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ അർജന്റീന സ്വന്തമാക്കുകയായിരുന്നു.

ഗ്രൂപ്പ് എയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ന്യൂസിലാന്റ് ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.ഇനി അടുത്ത മത്സരത്തിൽ ഗ്വാട്ടിമാലയെയാണ് അർജന്റീനക്ക് നേരിടാനുള്ളത്.അതേസമയം മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.ബ്രസീലിനെ കൂടാതെ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇറ്റലി, നൈജീരിയ എന്നിവരാണ് ആ ഗ്രൂപ്പിൽ ഇടം നേടിയിട്ടുള്ളത്.

അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് അർജന്റീനയെ പരിശീലിപ്പിക്കുന്നത്.സൂപ്പർ താരം ഗർനാച്ചോ ഇല്ലാത്തത് അർജന്റീനക്ക് തിരിച്ചടിയാണ്.അതേസമയം അണ്ടർ 20 ടീമിനെ പിന്തുണച്ചുകൊണ്ട് ഡി മരിയയും പരേഡസുമൊക്കെ രംഗത്ത് വന്നിട്ടുണ്ട്.തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് അണ്ടർ 20 ടീമിന് എല്ലാവിധ ആശംസകളും ഈ താരങ്ങൾ നേർന്നിട്ടുള്ളത്.സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ മോശം പ്രകടനം നടത്തിയ അർജന്റീനക്ക് വേൾഡ് കപ്പിലെ ഈ വിജയം കോൺഫിഡൻസ് പകരുന്നതാണ്.