റൊണാൾഡോക്ക് വിലക്ക്, സൗദി ക്ലബിലെ അരങ്ങേറ്റം വൈകിയേക്കും

സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി അരങ്ങേറ്റം കുറയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അൽ നസ്‌റിന്റെ മൈതാനത്ത് പതിനായിരക്കണക്കിന് ആരാധകർ ഫുട്ബോൾ ലോകത്തെ സൂപ്പർതാരത്തെ കാണാനെത്തി. യൂറോപ്പിലെ എല്ലാ റെക്കോർഡുകളും തകർത്ത തനിക്കിനി ഇവിടുത്തെ റെക്കോർഡുകൾ തകർക്കുക ലക്ഷ്യമാണെന്നു പറഞ്ഞ റൊണാൾഡോ എത്രയും വേഗം കളിക്കാനിറങ്ങാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ റൊണാൾഡോയുടെ അരങ്ങേറ്റത്തിനായി ആരാധകർ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഡെയിലി മെയിൽ പറയുന്നതു പ്രകാരം ഇംഗ്ലീഷ് എഫ്എയുടെ വിലക്ക് നിലവിലുള്ളതു കാരണമാണ് റൊണാൾഡോക്ക് ക്ലബ് തലത്തിലുള്ള മത്സരം നഷ്‌ടമാവുക. കഴിഞ്ഞ സീസണിൽ ഗൂഡിസൺ പാർക്കിൽ വെച്ചു നടന്ന മത്സരത്തിനു ശേഷം എവർട്ടൺ ആരാധകനായ ഒരു പയ്യന്റെ ഫോൺ റൊണാൾഡോ എറിഞ്ഞു തകർത്ത സംഭവത്തിൽ കഴിഞ്ഞ നവംബർ പതിനേഴിനാണ്‌ റൊണാൾഡോക്ക് ഇംഗ്ലീഷ് എഫ്എ രണ്ടു മത്സരങ്ങളിൽ വിലക്കിയത്.

ഇംഗ്ലീഷ് എഫ്എ നൽകിയ വിലക്ക് മറ്റു ലീഗുകളിലും ബാധകമാകുമെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ വമ്പൻ തുക നൽകി നൽകിയ താരത്തെ എത്രയും പെട്ടന്ന് മത്സരത്തിനിറക്കാനുള്ള വഴികൾ സൗദി ക്ലബ് ആലോചിക്കുമെന്നതിൽ സംശയമില്ല. ആരാധകരും താരത്തെ കാത്തിരിക്കുകയാണ്. വിലക്ക് ബാധകമാകുമെങ്കിൽ അതിനെതിരെ നിയമപരമായി നീങ്ങി അത് മാറ്റി താരത്തെ കളിപ്പിക്കാനുള്ള ശ്രമം അവർ നടത്തിയേക്കും. ഇന്നു വൈകുന്നേരം റൊണാൾഡോയുടെ ടീമായ അൽ നസ്ർ സൗദി ലീഗിൽ ഇറങ്ങുന്നുണ്ട്.

രണ്ടു മത്സരങ്ങളിലെ വിലക്ക് നിലനിന്നാൽ അത് സൗദി ടീമിനെ സംബന്ധിച്ച് തിരിച്ചടിയാണ്. നിലവിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ക്ലബായ അൽ ഷബാബിനെതിരെ അടുത്ത മത്സരം അൽ നസ്ർ കളിക്കേണ്ടത്. റൊണാൾഡോയെ ആ മത്സരത്തിലും നഷ്‌ടമാകുന്നത് ടീമിന് തിരിച്ചടി തന്നെയാണ്. സൗദി ലീഗിലെ പ്രധാനപ്പെട്ടൊരു മത്സരത്തിൽ അവസരം ലഭിക്കാതിരിക്കുന്നത് റൊണാൾഡോക്കും നിരാശയാകും. എന്തായാലും ഈ സീസൺ മുഴുവൻ സമ്മാനിച്ച നിരാശയിൽ നിന്നും ഒരു ഗംഭീര തിരിച്ചു വരവായിരിക്കും താരം ലക്ഷ്യമിടുന്നുണ്ടാവുക.