വംശീയത തുടരുന്നു, ലാലിഗ കയ്യും കെട്ടി നോക്കിനിൽക്കുന്നു: പൊട്ടിത്തെറിച്ച് റയൽ മാഡ്രിഡ് താരം വിനീഷ്യസ്

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ വല്ലഡോലിഡിനെതിരെ വിജയം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ജയം കണ്ടെത്തിയിരുന്നത്. കരീം ബെൻസിമ തന്റെ തിരിച്ചുവരവ് രണ്ടു ഗോളുകളോട് കൂടി ആഘോഷിച്ചപ്പോഴാണ് റയലിന് വിജയം നേടാനായത്.

മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടാം ഗോൾ നേടിയപ്പോൾ അത് ആഘോഷിക്കാൻ വേണ്ടി കളത്തിന് പുറത്തുനിന്നും വിനീഷ്യസ് ജൂനിയർ ജോയിൻ ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം വല്ലഡോലിഡ് ആരാധകരിൽ നിന്നും ക്രൂരമായ പ്രവർത്തികളാണ് അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നത്. വലിയൊരു വിഭാഗം ആരാധകരും വിനീഷ്യസിനെ വം ശീയമായി അധിക്ഷേപിക്കുകയായിരുന്നു.

മാത്രമല്ല പല ആരാധകരും പലതരത്തിലുള്ള വസ്തുക്കൾ അദ്ദേഹത്തിന് നേരെ വലിച്ചെറിയുകയും ചെയ്തു.ഇതിന് മുൻപും വലിയ രൂപത്തിൽ വം ശീയമായ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയർ. ഇതിനെതിരെ കടുത്ത രൂപത്തിൽ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ലാലിഗ കയ്യും കെട്ടി നോക്കി നിൽക്കുന്നു എന്നാണ് വിനീഷ്യസ് ആരോപിച്ചിരിക്കുന്നത്.

‘ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് കളിക്കുന്ന വേദിയിൽ റേസിസം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ലാലിഗ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കുന്നു.ഞാൻ എന്റെ തല ഉയർത്തിക്കൊണ്ടുതന്നെ എന്റെ വിജയങ്ങൾ ആഘോഷിക്കും. റയൽ മാഡ്രിഡിന്റെ വിജയങ്ങൾ ആഘോഷിക്കുന്നതും ഞാൻ തുടരും ‘ വിനീഷ്യസ് ജൂനിയർ എഴുതി.

മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരിൽ നിന്നും വലിയ രൂപത്തിലുള്ള വംശീയമായ അധിക്ഷേപങ്ങൾ ഈ ബ്രസീലിയൻ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ആരാധകർക്കെതിരെ ലാലിഗ കടുത്ത രൂപത്തിലുള്ള നടപടികൾ എടുക്കുന്നില്ല എന്നുള്ള ആരോപണം ശക്തമാണ്.ഇപ്പോഴും റേസിസം ലാലിഗയെ പോലെയുള്ള ഒരു വലിയ വേദിയിൽ തുടരുന്നത് ലോക ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.