ഹോം ഗ്രൗണ്ടിൽ എന്തുകൊണ്ടായിരുന്നു മെസ്സിക്ക് സ്വീകരണം നൽകാതിരുന്നതെന്നു വ്യക്തമാക്കി പി എസ് ജി പ്രസിഡന്റ് | Lionel Messi

ലോകകപ്പ് നേടി വന്ന ലയണൽ മെസ്സിക്ക് തന്റെ ക്ലബ്ബായ പി എസ് ജിയുടെ ആരാധകർക്ക് മുൻപിൽ  സ്വീകരണം നൽകാത്തതുമായി ബന്ധപ്പെട്ട് മെസ്സി നൽകിയ ഇന്റർവ്യൂവിൽ പരാമർശിച്ചിരുന്നു, അതിനു മറുപടിയുമായി വന്നിരിക്കുകയാണ് പി എസ് ജി പ്രസിഡന്റ്

ലോകകപ്പ് നേടിയ അർജന്റീനയുടെ എല്ലാ കളിക്കാർക്കും അവരവരുടെ ക്ലബ്ബിന്റെ സ്വന്തം ഗ്രൗണ്ടിൽ ഉപഹാരം നൽകി സ്വീകരിച്ചിരുന്നു, എന്നാൽ ലയണൽ മെസ്സിക്ക് അത് കിട്ടിയിരുന്നില്ല,  പകരം പരിശീലന സെഷനിൽ കളിക്കാർക്കൊപ്പം സ്റ്റാൻഡിങ് ഓവിയേഷനും ഒരു ഉപഹാരവും നൽകിയിരുന്നു, മറ്റുള്ളവർക്ക് ലഭിച്ചതുപോലെ ആരാധകർക്ക് മുൻപിൽ ലഭിക്കാത്തത് മെസ്സി ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

നാസർ അൽ-ഖെലൈഫി : “മെസ്സിയുടെ പ്രസ്താവനകൾ? പുറത്ത് പലരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.മെസ്സി എന്താണ് പറഞ്ഞതെന്നോ,ചെയ്തതെന്നോ എനിക്കറിയില്ല, പക്ഷേ എല്ലാവരും കണ്ടതാണ്,ഞങ്ങൾ അതിന്റെ ഒരു വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു, കിരീടം നേടി വന്ന ലയണൽ മെസ്സിക്കൊപ്പം പരിശീലന ഗ്രൗണ്ടിൽ ആഘോഷിച്ചു, ഞങ്ങൾ അദ്ദേഹത്തോടൊപ്പം സ്വകാര്യമായും ആഘോഷിച്ചു, പക്ഷേ ഞങ്ങൾ  ഒരു ഫ്രഞ്ച് ക്ലബ്ബാണ്, അതുകൊണ്ട് ആഘോഷത്തിന് പരിധിയുണ്ടായിരുന്നു.

“തീർച്ചയായും മൈതാനത്ത് ആഘോഷിക്കുന്നത് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരുന്നു. അവർ തോൽപ്പിച്ച രാജ്യത്തെയും ഫ്രഞ്ച് ദേശീയ ടീമിലെ സഹതാരങ്ങളെയും നമ്മുടെ ആരാധകരെയും നാം ബഹുമാനിക്കേണ്ടതുണ്ട്,എന്നാൽ ലയണൽ മെസ്സി ഞങ്ങൾക്കൊപ്പം  അവിശ്വസനീയമായ ഒരു കളിക്കാരനായിരുന്നു.” പി എസ് ജി പ്രസിഡന്റ് പ്രതികരിച്ചു.

അതേസമയം തന്നെ ഫ്രാൻസിലെ ഒളിമ്പിക് ലിയോണിൽ കളിക്കുന്ന ടാഗ്ലിയാഫിക്കോക്ക് സ്വന്തം ഗ്രൗണ്ടിൽ സ്വീകരണം നൽകിയതും കൂട്ടി വായിക്കേണ്ടതാണ്. താൻ ആഗ്രഹിക്കാതെയുള്ള ഒരു ട്രാൻസ്ഫർ ആണ് പി എസ് ജി യിലേക്ക് എന്ന് മെസ്സി തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

പിഎസ്ജി പ്രസിഡണ്ട് നാസർ അൽ ഖലീഫയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പലരും രംഗത്ത് എത്തിയിട്ടുണ്ട്, ഒരു സ്പോർട്സ്മാൻ സ്പിരിറ്റില്ലാതെയുള്ള പ്രതികരണമായി പോയെന്നും, ഫ്രാൻസ് കളിക്കാർക്ക് മാത്രമേ അപ്പോൾ ക്ലബ്ബിൽ പരിഗണനയുള്ളൂവെന്നും, ലീഗ് മത്സരങ്ങൾ ജയിച്ചവർക്കൊക്കെ എതിർ സ്റ്റേഡിയത്തിൽ ഗാർഡ് ഓഫ് ഹോണർ നൽക്കുന്നതുമൊക്കെ സ്പോർട്സ്മാൻഷിപ്പിൽ എടുക്കണമെന്നും ഇത് ഫുട്ബോളാണ് അല്ലാതെ യുദ്ധമല്ല എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ പങ്കുവെക്കുന്നത്