ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകില്ലെന്ന് തീരുമാനിച്ച് പിഎസ്ജി
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകുന്നില്ലെന്ന് പിഎസ്ജി തീരുമാനം എടുത്തതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം ഏതാനും ദിവസങ്ങൾക്കു മുൻപ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി ഇന്ന് രാത്രിയാണ് ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്നത്. ഫ്രഞ്ച് ലീഗ് മത്സരത്തിൽ ആങ്കെഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ.
ക്ലബിൽ എത്തിയതിനു ശേഷം ലയണൽ മെസിക്ക് ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് പിഎസ്ജി ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. ലോകകപ്പ് വിജയം നേടിയതിനുള്ള ആദരവ് പ്രകടിപ്പിക്കാൻ അതു മതിയെന്നാണ് ക്ലബ് നേതൃത്വം കരുതുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീന കീഴാക്കിയത് ഫ്രാൻസിനെയാണ് എന്നതു കൊണ്ടാണ് ആരാധകരുടെ രോഷം ഭയന്ന് മെസിക്ക് ആദരവ് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിഎസ്ജി പിൻവലിഞ്ഞു നിൽക്കുന്നത്.
എന്നാൽ എംബാപ്പെ ഇതുവരെയും പിഎസ്ജിയിലേക്ക് തിരിച്ചു വരാത്തത് മെസിക്ക് പാർക് ഡെസ് പ്രിൻസസിൽ ആദരവ് നൽകുമെന്ന സൂചനയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നിലവിൽ അമേരിക്കയിലുള്ള എംബാപ്പെ ആങ്കെഴ്സുമായുള്ള മത്സരം കഴിയുന്നതിനു പിന്നാലെ തിരിച്ചെത്തും. മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിനു മുൻപേ തന്നെ ഫ്രാൻസ് വിട്ട എംബാപ്പെ ലോകകപ്പ് ഫൈനലിനു ശേഷം ഇതുവരെയും മെസിയെ കണ്ടു മുട്ടിയിട്ടില്ല.
അതേസമയം മെസി തിരിച്ചു വരാൻ കാത്തിരിക്കുകയാണെന്നാണ് ദിവസങ്ങൾക്കു മുൻപ് എംബാപ്പെ വെളിപ്പെടുത്തിയിട്ടുള്ളത്. ലോകകപ്പ് ഫൈനലിനു ശേഷം മെസിയെ താൻ അഭിനന്ദിച്ചിരുന്നുവെന്നും താരത്തിനൊപ്പം കളിക്കാനും ഗോളും വിജയങ്ങളും നേടാനും കാത്തിരിക്കുകയാണ് തങ്ങളെന്നും എംബാപ്പെ പറഞ്ഞു. അതിനു ശേഷമാണ് മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതിന്റെ തൊട്ടു മുൻപേ താരം അമേരിക്കയിലേക്ക് പോയത്.
🚨Leo Messi will NOT present the World Cup at the Parc des Princes. PSG considers that the welcome Messi received on his return last week, where he received a guard of honor & a trophy presentation from the hands of Luis Campos is enough to mark the occasion. 🇦🇷❌ [@le_Parisien] pic.twitter.com/MMevEczTxx
— PSG Report (@PSG_Report) January 10, 2023
അതേസമയം പിഎസ്ജിയുടെ മൈതാനത്ത് തനിക്ക് സ്വീകരണം നൽകണമെന്ന ആവശ്യം മെസി ഉന്നയിച്ചിട്ടില്ലെന്ന് പിഎസ്ജി പരിശീലകൻ തന്നെ പറഞ്ഞിരുന്നു. എന്തായാലും ആരാധകർ കാത്തിരിക്കുന്നത് മെസിയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചു വരവാണ്. ലോകകപ്പ് വിജയത്തിന്റെ സന്തോഷത്തിൽ മെസി ഈ സീസണിൽ മികച്ച പ്രകടനം തുടരുമെന്ന് അവർ കരുതുന്നു.