യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ ചേക്കേറിയത് ഏറെ വാർത്താ പ്രാധാന്യം നേടിയ ട്രാൻസ്ഫർ ആയിരുന്നു.
സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിന് വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് അരങ്ങേറ്റം കുറിച്ചു, ആദ്യ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മികച്ച ചില മുന്നേറ്റങ്ങൾ താരത്തിന് നടത്താനായി. അൽ ഇത്തിഫാക്കിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ-നസർ വിജയിച്ചത്.ഈ വിജയത്തോടെ അൽ-നസർ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.
അൽ നസർ ക്ലബ്ബിനു വേണ്ടി ബ്രസീലിയൻ താരം ടലിസ്‌കയാണ് വിജയഗോൾ നേടിയത്, ടലിസ്ക തന്നെയാണ് കളിയിലെ കേമനും ആയത്. ഗോൾ നേടാനായില്ലെങ്കിലും ആരാധകരെ കയ്യിലെടുക്കാൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ചില മുന്നേറ്റങ്ങൾക്ക് കഴിഞ്ഞു, താരത്തിന്റെ ചില സ്കിൽസുകൾ സ്റ്റേഡിയത്തെ ആവേശഭരിതരാക്കുകയും ചെയ്തു.
കളിയുടെ എഴുപത്തിയെട്ടാമത്തെ മിനിറ്റിൽ അൽ-ഇതിഫാക് പ്രതിരോധ താരത്തെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഏറെ ശ്രമകരമായാണ് രക്ഷപ്പെടുത്തിയത്. കളിയുടെ 58 മത്തെ മിനിറ്റിലും ക്രിസ്ത്യാനോ റൊണാൾഡോയുടെ മികച്ച ഒരു ക്രോസ് അർജന്റീന താരം ഗോൺസാലോ മാർട്ടിസിനു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടി ഒഴിവാക്കുകയായിരുന്നു, റൊണാൾഡോക്ക് ലഭിക്കാമായിരുന്ന അസിസ്റ്റ് നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു.
ക്ലബ്ബ് മത്സരങ്ങൾക്ക് ലോകകപ്പിന് ലഭിച്ച ഇടവേളയിൽ ക്രിസ്ത്യാനോ റൊണാൾഡോ പ്രശസ്ത മാധ്യമപ്രവർത്തകൻ മോർഗന് നൽകിയ വിവാദ ഇന്റർവ്യൂ ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുണ്ടായ പ്രധാന കാരണം, ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും വിമർശനങ്ങൾ തൊടുത്തു വിട്ടപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. ഇതോടെ 200 മില്യൺ യൂറോ എന്ന കൂറ്റൻ തുകക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസർ ക്രിസ്ത്യാനോ റൊണാൾഡോയെ സ്വന്തമാക്കുകയും ചെയ്തു.
സൗദി അറേബ്യയിൽ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് രണ്ടു ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇന്നത്തെ മത്സരം ആരാധകരെ അല്പം നിരാശരാക്കിയെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോയിലുള്ള വിശ്വാസം ആരാധകർ വെടിയില്ല, താരം സൗദി ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ അത്രയും.