എത്ര തവണ പിന്നിൽ പോയാലും ലിയോ മെസ്സി ടീമിനെ വിജയിപ്പിക്കും, വീണ്ടും വീണ്ടും മെസ്സി മാജിക് ആവർത്തിക്കുന്നു

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജർമയിനുമായുള്ള കരാർ അവസാനിച്ചുകൊണ്ട് പുതിയ തട്ടകമായി അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർമിയാമിയെ തിരഞ്ഞെടുത്ത ലിയോ മെസ്സി ഇതിനകം മേജർ സോക്കർ ലീഗ് ക്ലബ്ബിനു വേണ്ടിയുള്ള അരങ്ങേറ്റം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.

ഇന്റർ മിയാമി ജേഴ്സിയിലുള്ള നാലാമത്തെ മത്സരം ഇന്ന് എഫ്സി ഡലാസിനെതിരെ കളിച്ച ലിയോ മെസ്സി തന്റെ തകർപ്പൻ ഫോം ഇന്നത്തെ മത്സരത്തിലും ആവർത്തിച്ചു, രണ്ടു ഗോളുകളുമായി മത്സരത്തിൽ മിന്നിത്തിളങ്ങിയ ലിയോ മെസ്സി തന്നെയാണ് ഇന്റർമിയാമിയുടെ മറ്റുള്ള ഗോളുകൾക്ക് പിന്നിലും ചരട് വലിച്ചത്.

ആറാം മിനിറ്റിൽ ജോർഡി ആൽബയുടെ അസിസ്റ്റിൽ നിന്നും തകർപ്പൻ ഷോട്ടിലൂടെ എതിർവല കുലുക്കി തുടങ്ങിയ ലിയോ മെസ്സി അവസാന നിമിഷം മനോഹരമായ ഒരു ഫ്രീ കിക് ഗോളിലൂടെ ഇന്റർമിയാമിക്ക് സമനില നൽകി. രണ്ടു ഗോളുകൾക്ക് പിന്നെ നിൽക്കവേ ഇന്റർ മിയാമി നേടുന്ന മൂന്നാമത്തെ ഗോളും ലിയോ മെസ്സിയുടെ കാലുകളിൽ നിന്നാണ് ഉത്ഭവിച്ചത്.

80- മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് ലിയോ മെസ്സി ബോക്സിനുള്ളിലേക്ക് നൽകിയപ്പോൾ ഓടിയെത്തിയ എതിർ ടീം താരത്തിന്റെ തലയിൽ കൊണ്ട് പന്ത് സെൽഫ് ഗോൾ ആയി കലാശിച്ചു. ഇന്റർമിയാമി നേടുന്ന രണ്ടാമത്തെ ഗോളിന് പിന്നിലും ലിയോ മെസ്സിയുടെ കാലുകൾ ഉണ്ടായിരുന്നു.

മത്സരത്തിൽ ഒരുപാട് സമയം പിന്നിട്ടു നിന്നിട്ടും അവസാനം നിമിഷം ഗോളുകൾ അടിച്ച് തിരിച്ചുവന്ന് ഇന്റർമിയാമി സമനില നേടിയതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിക്കുന്നത്. ഇന്റർ മിയാമിയുടെ ആദ്യത്തെ പെനാൽറ്റി എടുക്കാൻ മുന്നോട്ടു വന്നതും അത് ഗോളാക്കി മാറ്റി ടീമിന് ആത്മവിശ്വാസം നൽകിയതും മെസ്സി ആയിരുന്നു. മെസ്സി കളിച്ച നാല് മത്സരങ്ങളിലും ഇന്റർമിയാമി വിജയം നേടി.