കറന്റില്ല,ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ നസ്സ്റിന്റെ മത്സരം മാറ്റിവെച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിനുശേഷം ലോക ഫുട്ബോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ. ദിവസങ്ങൾക്ക് മുന്നേ അവർ റൊണാൾഡോയെ തങ്ങളുടെ സ്വന്തം മൈതാനത്ത് അവതരിപ്പിച്ചിരുന്നു. ആ പ്രസന്റേഷൻ കാണാൻ വേണ്ടി ഒരുപാട് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു.

റൊണാൾഡോയെ അവതരിപ്പിച്ചതിനു ശേഷമുള്ള അൽ നസ്സ്റിന്റെ ആദ്യത്തെ മത്സരം ഇന്നായിരുന്നു നടക്കേണ്ടിയിരുന്നത്. ഇന്ത്യൻ സമയം 8:30 ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ മത്സരം ഇപ്പോൾ മാറ്റിവെച്ചിട്ടുണ്ട്.അൽ നസ്സ്ർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം തങ്ങളുടെ ആരാധകരിലേക്ക് എത്തിച്ചിട്ടുള്ളത്.

സ്റ്റേഡിയത്തിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട തകരാറാണ് മത്സരം മാറ്റിവെക്കാൻ അധികൃതരെ നിർബന്ധിതരാക്കിട്ടുള്ളത്. കനത്ത മഴ കാരണവും മോശം കാലാവസ്ഥ കാരണവുമാണ് സ്റ്റേഡിയത്തിലെ വൈദ്യുതി തകരാറുകൾ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 24 മണിക്കൂർ സമയത്തേക്കാണ് ഈ മത്സരം മാറ്റി വെച്ചിട്ടുള്ളത്.

അതായത് അൽ നസ്സ്റും അൽ തായിയും തമ്മിലുള്ള മത്സരം നാളെ ഇതേ സമയത്ത് തന്നെ നടക്കും. മത്സരം മാറ്റിവെച്ചതിലൂടെ ആരാധകർക്ക് നേരിട്ട അസൗകര്യത്തിന് അൽ നസ്സ്ർ ഇപ്പോൾ മാപ്പ് പറഞ്ഞിട്ടുണ്ട്. കൂടാതെ എല്ലാവർക്കും നല്ല രൂപത്തിലുള്ള യാത്രയും ഇവർ ആശംസിച്ചിട്ടുണ്ട്. കാലാവസ്ഥ വില്ലനായതുകൊണ്ടാണ് ഈയൊരു തീരുമാനത്തിലേക്ക് സൗദി അറേബ്യൻ ക്ലബ്ബ് എത്തിച്ചേർന്നിട്ടുള്ളത്.

നിലവിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ക്ലബ്ബാണ് അൽ നസ്സ്ർ. 11 മത്സരങ്ങളിൽ നിന്ന് 8 വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമുള്ള അൽ നസ്സ്ർ 26 പോയിന്റ് ആണ് നേടിയിട്ടുള്ളത്. അതേസമയം ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവില്ല എന്നുള്ളത്നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.