ജയം എന്തെന്നറിയാതെ ഒമ്പതാമത്തെ മത്സരവും പൂർത്തിയാക്കി മിയാമി, ലയണൽ മെസ്സിക്ക് വേണ്ടി ക്ലബ്ബ് കാത്തിരിക്കുന്നു

ഏഴ് തവണ ബാലൻ ഡി ഓർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ അർജന്റീന താരം ലിയോ മെസ്സിയുടെ ടീമിലേക്കുള്ള ചരിത്രപരമായ വരവ് കാത്തിരിക്കുന്ന ഇന്റർ മിയാമി മെസ്സിയുടെ വരവിനു മുൻപായുള്ള മത്സരത്തിൽ എവേ ഗ്രൗണ്ടിൽ തോൽവിയറിയാതെ മത്സരം പൂർത്തിയാക്കി മടങ്ങി.

റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിയാമിയുടെ അടുത്ത മത്സരം നടക്കുന്ന ദിവസത്തിൽ ലിയോ മെസ്സിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇന്റർ മിയാമിയും എം എൽ എസ് ലീഗും സംഘടിപ്പിക്കുന്നുണ്ട്, പേപ്പർ വർക്കുകളിൽ സൈൻ ചെയ്യുന്ന ലിയോ മെസ്സി ഒഫീഷ്യലി ഇന്റർ മിയാമി താരമായി മാറുകയും ചെയ്യും.

അതേസമയം ഇന്ന് നടന്ന ഡി സി യുണൈറ്റഡ് vs ഇന്റർ മിയാമി മത്സരം ഏറെ ആവേഷകരാമയാണ് നടന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ വരുന്നത്. 59-മിനിറ്റിൽ ഡി സി യുണൈറ്റഡ് നേടുന്ന ഗോളിന് പകരമായി നിമിഷങ്ങൾക്കപ്പുറം 65-മിനിറ്റിൽ ഫൗണ്ടസിലൂടെ ഇന്റർ മിയാമി സമനില ഗോൾ തിരിച്ചടിച്ചു.

എന്നാൽ നിമിഷങ്ങൾക്കകം 68-മിനിറ്റിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച ഡി സി യുണൈറ്റഡ് വീണ്ടും ലീഡ് നേടി. മത്സരം അവസാനത്തിലേക്ക് കടക്കവേ 77-മിനിറ്റിൽ റോബർത്ത നേടുന്ന ഗോളിൽ ഇന്റർ മിയാമി സമനില നേടിയെടുത്തു. പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ ഇന്റർ മിയാമിയെ ലിയോ മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങളുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടർച്ചയായി മൂന്നാം സമനില വഴങ്ങിയ ഇന്റർ മിയാമി ലീഗിലെ ഒമ്പതാം മത്സരത്തിലാണ് വിജയം നേടാതെ പോകുന്നത്. അതേസമയം ഡി സി യുണൈറ്റഡ് പോയന്റ് ടേബിളിൽ എട്ടാം സ്ഥാനത്തു തുടരുകയാണ്.