ബോളിവിയയ്ക്കെതിരെ ആദ്യ ഇലവനിൽ മെസ്സിയില്ല; ആരാധകർക്ക് നിരാശ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ബോളിവിയയെ നേരിടുന്ന അർജന്റീനൻ നിരയിൽ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ല. മെസ്സി ഇന്ന് ബോളിവിയയ്ക്കെതിരെ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട്‌ ചെയ്യുമെന്ന് അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട്‌ ചെയ്യുന്നു. അതേ സമയം ഇന്നലെ മെസ്സി ടീമിനോപ്പം കൂടുതൽ സമയം പരിശീലനത്തിനായി ചിലവഴിച്ചിരുന്നില്ല. ആകെ 15 മിനുട്ട് മാത്രമാണ് മെസ്സി ടീമിനോപ്പം പരിശീലനം നടത്തിയത്.

മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവാത്ത സഹ ചര്യത്തിൽ ഏയ്ഞ്ചൽ ഡി മറിയ, നിക്കോളാസ് ഗോൺസാൽവസ് എന്നിവർക്കൊപ്പം ലൗത്താരോ മാർട്ടിൻസോ, ജൂലിയൻ അൽവാരസോ എന്നിവരിൽ ആരെങ്കിലും ഒരാളായിരിക്കും അർജന്റീനയുടെ മുന്നേറ്റ നിരയിൽ ഇറങ്ങുക.

ഇന്ത്യൻ സമയം രാത്രി 1:30 ന് ബോളിവിയയിലെ ലാ പാസിലാണ് മത്സരം. ബോളിവിയ അർജന്റീനയ്ക്ക് താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും മത്സരം നടക്കുന്ന ലാ പാസ് സ്റ്റേഡിയമാണ് അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3637 മീറ്റർ (11,932 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാസിലെ ഹെർണാണ്ടോ സൈലസ് സ്റ്റേഡിയത്തിൽ ഓക്സിജന്റെ സാനിധ്യം കുറവായതിനാൽ കളിക്കാർക്ക് ശ്വാസം എടുക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്.

ബോളിവിയയ്ക്ക് ഈ സാഹചര്യത്തോട് ഇണങ്ങി പരിചയമുള്ളതിനാൽ ലാ പാസിലെ മത്സരങ്ങൾ ബോളിവിയയ്ക്ക് അനുകൂല ഘടകവും എതിരാളികൾക്ക് പ്രതികൂല ഘടകവുമാണ്. ലാ പാസിലെ കുറഞ്ഞ ഓക്സിജനെ നേരിടാനായി അർജന്റീന താരങ്ങൾ പേഴ്സണൽ ഓക്സിജൻ ട്യൂബുമായാണ് ബോളിവിയയിൽ ഇറങ്ങിയത്. ഈ സാഹചര്യം കണക്കിലെടുത്താവാം മെസ്സി ആദ്യ ഇലവനിൽ ഇറങ്ങാത്തത്.