90 ആം മിനുട്ടിലെ ഗോളിൽ സിറ്റിയെ പിടിച്ചുകെട്ടി ടോട്ടൻഹാം : ബാഴ്സലോണക്ക് ജയം : നപോളിയെ വീഴ്ത്തി ഇന്റർ മിലാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ടോട്ടൻഹാം. ഇരു മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. 90 ആം മിനുട്ടിൽ ഡെജാൻ കുലുസെവ്‌സ്‌കി നേടിയ ഗോളിലാണ് ടോട്ടൻഹാം സമനില നേടിയെടുത്തത്. 81-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്നു പോയിന്റ് ഉറപ്പായിച്ചതായി തോന്നിച്ചെങ്കിലും 90-ാം മിനിറ്റിൽ കുലുസെവ്സ്കിയുടെ ഗോൾ സിറ്റിയെ ലീഗിൽ തുടർച്ചയായ മൂന്നാം സമനിലയിൽ തളച്ചിട്ടു. സമനിലയോടെ സിറ്റി 30 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥനത്തുള്ള ആഴ്സനലിനേക്കാൾ മൂന്നു പിന്നിലായിട്ടാണ് സിറ്റിയുടെ സ്ഥാനം.

ആറാം മിനിറ്റിൽ സൺ ഹ്യൂങ്-മിൻ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു, മൂന്ന് മിനിറ്റിനുശേഷം കൊറിയൻ താരത്തിന്റെ തന്നെ സെൽഫ് ഗോൾ സിറ്റിക്ക് സമനില നേടിക്കൊടുത്തു. 31 ആം മിനുട്ടിൽ ജൂലിയൻ അൽവാരെസ് കൊടുത്ത; പാസിൽ നിന്നും ഫിൽ ഫോഡൻ നേടിയ ഗോളിൽ സിറ്റി ലീഡെടുത്തു.69-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ കൃത്യമായ ഫിനിഷിംഗ് ടോട്ടൻഹാമിന്‌ സമനില നേടിക്കൊടുത്തു. 81 ആം മിനുട്ടിൽ ഹാലാൻഡിന്റെ പാസിൽ നിന്നും ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 90 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നുമുള്ള ജോൺസന്റെ ക്രോസിൽ നിന്നുമുള്ള കുലുസെവ്സ്കിയുടെ ഹെഡ്ഡർ ടോട്ടൻഹാമിന്‌ സമനില നേടിക്കൊടുത്തു.

ലാലിഗയിൽ വമ്പൻമാർ തമ്മിലുള്ള പോരാട്ടത്തിൽ വിജയവുമായി ബാഴ്സലോണ. എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റികോ മാഡ്രിഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ലോണിൽ കളിക്കുന്ന ജാവോ ചാവി ഫെലിക്സ് ആണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 34 പോയിന്റുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്തെത്തി.ഒരു കളി കൈയിലിരിക്കെ 31 പോയിന്റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.

സീരി എയിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ നാപോളിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തി ഇന്റർ മിലാൻ.ഹകൻ കാൽഹാനോഗ്ലു, നിക്കോളോ ബരെല്ല, മാർക്കസ് തുറാം എന്നിവരാണ് ഇന്റർ മിലാനായി ഗോളുകൾ നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇന്ററിന് സാധിച്ചു.14 മത്സരങ്ങൾക്ക് ശേഷം 35 പോയിന്റാണ് ഇന്റർ നേടിയത്, 34 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്താണ്. ഇന്ററിനു 11 പോയിന്റ് പിന്നിൽ അഞ്ചാം സ്ഥാനത്താണ് നാപോളി.