ആദ്യ പാദത്തിൽ ബയേണിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി : ഇന്റർ മിലാനും ജയം

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബയേൺ മ്യൂണിക്കിനെ 3-0ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. ടൂർണമെന്റിലെ രണ്ട് ഫേവറിറ്റുകൾ തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം നിരാശപ്പെടുത്തിയില്ല, ഇരു ടീമുകളും തങ്ങളുടെ ആക്രമണ ശേഷി പ്രകടമാക്കി.

27 ആം മിനുട്ടിൽ റോഡ്രിയിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടിയത്. സിൽവയുടെ പാസിൽ നിന്നും 30 വാര അകലെ നിന്നുള്ള റോഡ്രിയുടെ അതിശയകരമായ ഇടം കാൽ സ്‌ട്രൈക്ക് ബയേൺ വലയിൽ കയറി.രണ്ടാം പകുതിയിൽ ബയേൺ മ്യൂണിക്ക് ശക്തമായി പ്രതികരിച്ചു, ഒരു സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ച അവർ സിറ്റിയുടെ പ്രതിരോധം പരീക്ഷിക്കുകയും ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേൺ തരാം ലിറോയ് സാനെയുടെ മിക്ച്ചര് ഷോട്ട് എഡേഴ്സൻ രക്ഷപെടുത്തി.സാനെ വീണ്ടും സിറ്റി കീപ്പറെ രണ്ടു തവണ കൂടി പരീക്ഷിച്ചു.

എന്നാൽ 70 ആം മിനുട്ടിൽ ദയോത് ഉപമെക്കാനോയുടെ പിഴവിൽ നിന്നും പന്ത് തട്ടിയെടുത്ത ഗ്രീലിഷ് അത് ഹാലണ്ടിന് പാസ് നൽകുകയും തുടർന്ന് ഹാലാൻഡിന്റെ പാസിൽ നിന്നും സിൽവ സിറ്റിയുടെ രണ്ടാമത്തെ ഗോൾ നേടി. 76 ആം മിനുട്ടിൽ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ് സിറ്റിയുടെ ഗോൾ പട്ടിക തികച്ചു.ഈ സീസണിലെ തന്റെ ഗോളുകളുടെ എണ്ണം 45 ആയി ഉയർത്തി.മ്യൂണിക്കിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബയേണിന് സിറ്റിയെ മറികടക്കണമെങ്കിൽ അത്ഭുതം കാണിക്കേണ്ടി വരും.

അതേസമയം, പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ ഒരുങ്ങുകയാണ്. ബയേൺ മ്യൂണിക്കിനെപ്പോലുള്ള ഒരു ശക്തരായ എതിരാളിക്കെതിരായ മികച്ച പ്രകടനം സിറ്റിയെ ക്വാർട്ടർ ഫൈനൽ ടൈയിൽ ഒരു കമാൻഡിംഗ് സ്ഥാനത്ത് എത്തിക്കുകയും ഈ സീസണിലെ കിരീടത്തിനുള്ള യഥാർത്ഥ മത്സരാർത്ഥികളാണെന്ന ശക്തമായ സന്ദേശം മറ്റു ടീമുകൾക്കും നൽകുകയാണ്.

മറ്റൊരു മത്സരത്തിൽ ബെൻഫിക്കയ്‌ക്കെതിറെ തകർപ്പൻ ജയവുമായി ഇന്റർ മിലാൻ.നിക്കോളോ ബരെല്ലയും റൊമേലു ലുക്കാക്കുവും ആണ് ഇന്ററിനായി ലിസ്ബണിൽ ഗോളുകൾ നേടിയത്. 51 ആം മിനുട്ടിൽ അലസാൻഡ്രോ ബാസ്റ്റോണിയുടെ ക്രോസിൽ നിന്ന് ബരെല്ല ഹെഡ്ഡറിലൂടെ ഇന്റെരിനു ലീഡ് നേടിക്കൊടുത്തു. 82 ആം മിനുട്ടിൽ പകരക്കാരനായ റൊമേലു ലുക്കാകു പെനാൽറ്റി സ്പോട്ടിൽ നിന്ന് രണ്ടാം ഗോളും വലയിലാക്കി.ഏപ്രിൽ 20 ന് സാൻ സിറോയിൽ വെച്ച് രണ്ടാം പാദം നടക്കും.