സ്പെയിനിനു വേണ്ടി കളിച്ച താരം അർജന്റീന ടീമിലേക്ക് |Pablo Maffeo

26 കാരനായ പാബ്ലോ മാഫിയോ ബാഴ്‌സലോണയിലാണ് ജനിച്ചതെങ്കിലും അമ്മ അർജന്റീന സ്വദേശിനിയാണ്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി ഇതിനകം തന്നെ താരവുമായി സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ നവംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മാഫിയോ അർജന്റീന ടീമിനൊപ്പം ഉണ്ടാകുമെന്നും മാർക്കോസ് ഡുറനും നാച്ചോ സാഞ്ചിസും പറഞ്ഞു.

മാഫിയോ തന്റെ ക്ലബ് കരിയർ എസ്പാൻയോൾ ബി ടീമിലാണ് തുടങ്ങിയത്, അവിടെ നിന്നും താരത്തെ മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്തു, പിന്നീട് സിറ്റിയിൽ നിന്നും താരം കൂടുതൽ സമയവും ലോണിൽ മറ്റു ക്ലബ്ബുകളിൽ ആണ് ചിലവഴിച്ചത്. അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും ജിറോണയ്‌ക്കൊപ്പമായിരുന്നു, അദ്ദേഹം ഇപ്പോൾ മല്ലോർക്കയ്‌ക്കൊപ്പമാണ് കളിക്കുന്നത്.

പാബ്ലോ മാഫിയോ യൂത്ത് തലത്തിൽ സ്പെയിനിനെ പ്രതിനിധീകരിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും സീനിയർ ദേശീയ ടീമിനൊപ്പം കളിച്ചിട്ടില്ല. വലത് വിങ്‌ ബാക്കിൽ കളിക്കുന്ന താരത്തിനു സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാൻ സാധ്യത വളരെ കുറവാണ്. താരത്തിനു വേണ്ടി ബാഴ്സലോണ പരിശീലകൻ സാവി ഫെർനാണ്ടസ് കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. പിന്നീട് ക്യാൻസലോയെ ലോണിൽ എത്തിച്ച ബാഴ്‌സ തങ്ങളുടെ റഡാറിൽ നിന്നും ഒഴിവാക്കി.

2020-ൽ താൻ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കടുപ്പമേറിയ പ്രതിരോധക്കാരനെ കുറിച്ച് മെസ്സി പറഞ്ഞത് ഈ താരത്തെക്കുറിച്ച് ആയിരുന്നു “ജിറോണയിലെ പാബ്ലോ മാഫിയോ ആയിരുന്നു ഏറ്റവും കടുപ്പമേറിയത്.ഞാൻ ഒരിക്കലും പരാതിപ്പെടുന്ന ആളല്ല, പക്ഷേ ആ ഡ്യുവൽ അസാധ്യമായിരുന്നു!” മെസ്സി പറഞ്ഞു.