ഇവനെന്താ റാമോസോ?; റാമോസിന്റെ ടാക്കിൾ ഓർമ്മിപ്പിച്ച് മെസ്സിയുടെ മകൻ; പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ പുറത്ത്

അച്ഛൻ ലോകത്തിലെ മികച്ച സ്ട്രൈക്കർമാരെ കബളിപ്പിച്ച് ഗോളുകൾ നേടുമ്പോൾ മകൻ മികച്ച സ്ട്രൈക്കർമാരെ വീഴുത്തുന്ന തിരക്കിലാണ്. പറഞ്ഞ് വരുന്നത് ലയണൽ മെസ്സിയെയും അദ്ദേഹത്തിന്റെ മകൻ മാറ്റിയോ മെസ്സിയേയും കുറിച്ചാണ്. മെസ്സിയുടെ മൂത്തമകൻ മാറ്റിയോ തന്റെ സഹോദരൻ സിറോയെയടക്കം മാരക ടാക്ക്ളിങ്ങുകൾക്ക് വിധേയമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോ വ്യാപകമായി പ്രചരിക്കുമ്പോൾ പലരും തമാശ രൂപേണ അഭിപ്രായപ്പെടുന്നത് മാറ്റിയോയുടെ അച്ഛൻ മെസ്സിയാണെങ്കിലും മാറ്റിയോയ്ക്ക് ഇഷ്ടം സെർജിയോ റാമോസിനെയാണ് എന്നാണ്. കാരണം റാമോസിന്റെ ചില ടാക്ക്ളിങ്ങുകളെ ഓർമിപ്പിക്കും വിധമാണ് മാറ്റിയോയുടെ ടാക്ക്ളിങ്‌.

ഇന്റർ മിയാമി നടത്തിയ ഒരു പ്രദർശന മത്സരത്തിനിടെയാണ് സംഭവമെന്ന് തോന്നുന്നു. ഈ മത്സരത്തിൽ മെസ്സിയുടെ മക്കളായാ മാറ്റിയോയും സിറോയും കളിച്ചിരുന്നു. സിറോയും സഹതാരങ്ങളും പന്തുമായി മുന്നേറവെയാണ് മാറ്റിയോ സിറോയെയടക്കം അനാവശ്യ ടാക്ക്ളിങ്‌ നടത്തുന്നത്. കൊച്ചു കുട്ടികളായതിനാലും അവരുടെ കുസൃതി ആയതിനാലും പൊട്ടിചിരിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ആളുകൾ ഈ വീഡിയോയെ സ്വീകരിക്കുന്നത്.

സിറോയും തിയാഗോയും അച്ഛനെ പോലെ മുന്നേറ്റനിരയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും മാറ്റിയോ ഇതിൽ നിന്ന് വ്യത്യാസ്തനാണ്. അവന് മുന്നേറ്റങ്ങൾ തടയാനാണ് ആഗ്രഹം. ഒരിക്കൽ അച്ഛനെ പോലും മാറ്റിയോ ടാക്കിൾ ചെയ്യാൻ ശ്രമിച്ചിരുന്നു. അതിന്റെ വീഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായതുമാണ്.