മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ഉറപ്പുമായി ലാപോർട്ട |Lionel Messi

ലയണൽ മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റിട്ട് കാലങ്ങൾ ഏറെയായി.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് വിലക്കൊക്കെ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നത്.വിലക്ക് മാറി തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും മോശം പെരുമാറ്റങ്ങളാണ് നേരിടേണ്ടി വന്നിരുന്നത്.

ഈ സീസണിന് ശേഷം മെസ്സി പിഎസ്ജി വിടും എന്ന കാര്യം ഉറപ്പായതും സ്ഥിരീകരിക്കപ്പെട്ടതുമാണ്.പക്ഷേ മെസ്സിയുടെ അടുത്ത ക്ലബ്ബ് ഏതായിരിക്കും എന്ന കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.മെസ്സിക്ക് തന്റെ മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് പോവാനാണ് ആഗ്രഹം.പക്ഷേ സ്വന്തമാക്കാൻ സജീവമായി തന്നെ രംഗത്തുള്ള രണ്ട് ക്ലബ്ബുകളാണ് അൽ ഹിലാലും ഇന്റർ മിയാമിയും.

മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ബാഴ്സ ആരാധകരും ആഗ്രഹിക്കുന്നത്.ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടയോട് ഇക്കാര്യത്തെക്കുറിച്ച് ഒരിക്കൽ കൂടി ചോദിക്കപ്പെട്ടിട്ടുണ്ട്.ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരുമോ എന്നായിരുന്നു ചോദ്യം.അതിനുവേണ്ടി പരമാവധി ശ്രമിക്കും എന്ന ഒരു ഉറപ്പാണ് ആരാധകർക്ക് ഇപ്പോൾ ബാഴ്സ പ്രസിഡന്റ് നൽകിയിട്ടുള്ളത്.

‘ലയണൽ മെസ്സിയുടെ കാര്യത്തിൽ ഞങ്ങൾ ഇനിയും കൂടുതൽ ചർച്ചകൾ നടത്തും.ഒരു ഉറപ്പ് എനിക്കിപ്പോൾ നൽകാനാവും.ലയണൽ മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കാൻ വേണ്ടി ഞങ്ങൾ പരമാവധി ശ്രമങ്ങൾ നടത്തും ‘ഇതാണ് ലാപോർട്ട ജിജാന്റസ് എഫ്സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

സാമ്പത്തികപരമായ തടസ്സങ്ങൾ നീങ്ങിയാൽ ലയണൽ മെസ്സി അടുത്ത സീസണിൽ ബാഴ്സയിൽ തന്നെ കളിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ലാലിഗയുടെ അനുമതിയാണ് നിലവിൽ ബാഴ്സക്ക് ആവശ്യമുള്ളത്.സെർജിയോ ബുസ്ക്കെറ്റ്സ് പോയതോടുകൂടി ലയണൽ മെസ്സിയെ തിരികെ എത്തിക്കാനുള്ള വാതിലുകൾ തുറന്നു കഴിഞ്ഞു എന്ന് ലാലിഗ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി കൂടുതൽ താരങ്ങളെ ബാഴ്സ കൈവിട്ടേക്കും.