രാജസ്ഥാൻ റോയൽസിന് പ്ലേഓഫിലേക്ക് കടക്കാനാവുമോ ? സാധ്യതകൾ പരിശോധിക്കാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റൺസിന്റെ കനത്ത പരാജയം വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ പ്ലേഓഫ് സാധ്യത വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിലവിൽ 13 കളികളിൽ നിന്ന് 12 പോയിന്റുകൾ ഉള്ള രാജസ്ഥാൻ റോയൽസ്, പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. പഞ്ചാബ് കിങ്സിനെതിരായ ഒരു മത്സരം മാത്രമാണ് ഇനി രാജസ്ഥാൻ റോയൽസിന് ലീഗ് ഘട്ടത്തിൽ ശേഷിക്കുന്നത്.

എന്നാൽ, രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് സാധ്യത പൂർണമായി തള്ളിക്കളയാൻ ആകില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് ചില മത്സരഫലങ്ങൾ രാജസ്ഥാൻ റോയൽസിന് അനുകൂലമാകേണ്ടതുണ്ട്. ഇതിന്റെ ആദ്യ കടമ്പ എന്തെന്നാൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വലിയ മാർജിനിൽ വിജയം നേടുക എന്നതാണ്. നേരത്തെ മികച്ച നെറ്റ് റൺറേറ്റ് വെച്ചുപുലർത്തിയിരുന്ന രാജസ്ഥാൻ റോയൽസ്, ബാംഗ്ലൂരിനെതിരായ കനത്ത പരാജയത്തോടെ +0.140 എന്ന നിലയിൽ എത്തിയിട്ടുണ്ട്.

പഞ്ചാബ് കിങ്സിനെതിരെ വലിയ മാർജിനിൽ വിജയം നേടുക എന്നത് മാത്രമേ രാജസ്ഥാൻ റോയൽസിന് ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം, മറ്റു മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റോയൽസിന്റെ പ്ലേഓഫ് സ്ഥാനം ഉറപ്പാവുക. ഇതിനായി ശേഷിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം ചെന്നൈ സൂപ്പർ കിങ്സ് വിജയിക്കേണ്ടതുണ്ട്. ലക്നൗ സൂപ്പർ ജിയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും മുംബൈ ഇന്ത്യൻസ് വിജയിക്കേണ്ടതും രാജസ്ഥാൻ റോയൽസിന്റെ കൂടി ആവശ്യമാണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് വിജയം നേടേണ്ടതുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജിയന്റ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾ അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും പരാജയപ്പെടേണ്ടത് രാജസ്ഥാൻ റോയൽസിന്റെ മുന്നോട്ടുള്ള യാത്രക്ക് നിർണായകമാണ്. ഈ മത്സര ഫലങ്ങൾ രാജസ്ഥാന് അനുകൂലമായ, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് പിറകിലായി നാലാം സ്ഥാനക്കാരായി രാജസ്ഥാന് പ്ലേഓഫ് കളിക്കാൻ സാധിക്കും.