അർജന്റീന ആരാധകരുടെ ഹീറോ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. 2021ലെ കോപ്പ അമേരിക്കക്ക് തൊട്ടു മുൻപ് അർജന്റീനക്കായി ആദ്യമായി ഒരു മത്സരത്തിൽ വല കാത്തു തുടങ്ങിയ ആസ്റ്റൺ വില്ല ഗോൾകീപ്പർ പിന്നീട് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളർന്നു വരികയായിരുന്നു.

കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നീ മൂന്നു കിരീടങ്ങൾ നേടുമ്പോഴും അർജന്റീന ടീമിന് ആത്മവിശ്വാസം നൽകിയത് ഗോൾവലക്ക് കീഴിൽ എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യമായിരുന്നു. ലോകകപ്പിൽ രണ്ടു ഷൂട്ടൗട്ടുകളിലാണ് അർജന്റീനയെ താരം രക്ഷിച്ചത്. അതുകൊണ്ടു തന്നെ അർജന്റീന ആരാധകർക്ക് എമിലിയാനോ എക്കാലവും ഒരു ഹീറോ തന്നെയാണ്.

എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്നുവെന്നത് രാജ്യത്തെ അർജന്റീന ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്. ജൂൺ മാസത്തിൽ അർജന്റീന ടീം ഏഷ്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ആ സമയത്ത് എമിലിയാനോ കൊൽക്കത്തയിലേക്ക് വരുന്ന കാര്യം ഉറപ്പായെന്നും തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും സത്രദു ദത്ത കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 എന്നിവയിൽ ഒന്നായിരിക്കും തീയതി. ശരിക്കുള്ള തീയതി അടുത്ത ദിവസങ്ങളിൽ തന്നെ അറിയും. കരാറുകൾ എല്ലാം ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. മാർട്ടിനസ് കൊൽക്കത്ത സന്ദർശിക്കുന്നതിന് എനിക്ക് വലിയ സന്തോഷമുണ്ട്. അർജന്റീന ആരാധകർ കാത്തിരിക്കുന്ന, കൊൽക്കത്ത നഗരത്തിനു സന്തോഷം നൽകുന്ന കാര്യമായിരിക്കുമിത്.” അദ്ദേഹം പറഞ്ഞു.

പെലെ, മറഡോണ എന്നീ താരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുള്ള വ്യക്തിയായ ദത്ത മാർട്ടിനസിനെയും എത്തിക്കുന്നത് അർജന്റീന ആരാധകർക്ക് ആവേശകരമായ അനുഭവമായിരിക്കും. കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനസ് അടുത്തിടെ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ പുരസ്‌കാരവും നേടിയിരുന്നു.