ബാഴ്സലോണ ആരാധകർക്ക് മുൻപിൽ ലയണൽ മെസ്സിക്ക് വിടവാങ്ങൽ മത്സരം | Lionel Messi

ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ? നിലവിൽ ഇന്റർ മയാമിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് മെസ്സി കാഴ്ച വെയ്ക്കുന്നതെങ്കിലും മെസ്സി ആരാധകരുടെ മനസ്സിൽ ഇപ്പോഴും ഈ ചോദ്യമുണ്ട്. കാരണം ബാഴ്സയിൽ മെസ്സി ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന് ആരാധകരെല്ലാം ആഗ്രഹിക്കുന്നുണ്ട്. കാരണം മെസ്സിയെ മെസ്സിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ബാഴ്സ.

എന്നാൽ തന്റെ ക്ലബ്ബിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും ക്യാമ്പ് നൗവിൽ ഒരു വിടവാങ്ങാൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 2021 ലാണ് അപ്രതീക്ഷിതമായി മെസ്സിക്ക് ക്ലബ്ബിനോട് വിട പറയേണ്ടി വന്നത്. ബാഴ്സ വിടാൻ മെസ്സി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ബാഴ്സയിലെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിച്ചാൽ മാത്രം മതിയാകും.

തന്റെ ഇഷ്ട ക്ലബ്ബിൽ ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കെ, ആരാധകർക്ക് പ്രതീക്ഷ നൽകി രംഗത്ത് വന്നിരിക്കുകയാണ് ഇന്റർ മയാമിയുടെ ഉടമകളിൽ ഒരാളായാ ജോർജെ മാസ്.കഴിഞ്ഞ ദിവസം മെസ്സിയെ സ്വന്തമാക്കുന്നതിന് നടത്തിയ നീക്കങ്ങളെ പറ്റി സംസാരിക്കവെയാണ് മെസ്സിക്ക് ബാഴ്സയിൽ ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ജോർജെ മാസ് വ്യക്തമാക്കിയത്.

മെസി ബാഴ്‌സലോണ വിട്ടത് ആഗ്രഹമുണ്ടായിട്ടല്ല, മെസ്സിയെ വളരെ ചെറുപ്പത്തിൽ തന്നെ സ്വീകരിച്ച ബാഴ്സയോട് ഗുഡ് ബൈ പറയാൻ പോലും താരത്തിന് കഴിഞ്ഞില്ലെന്നും മാസ് പറഞ്ഞു. എന്നാൽ ബാഴ്‌സലോണയിലെ ആരാധകരോട് ഗുഡ് ബൈ പറയാൻ അവസരമുണ്ടാക്കാൻ എന്നെക്കൊണ്ട് സാധ്യമായതെല്ലാം വരും വർഷങ്ങളിൽ ചെയ്യുമെന്ന് ഞാൻ താരത്തിന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മാസ് പറഞ്ഞു.ഇന്റർ മിയാമി അവിടേക്ക് (ബാഴ്സയിലേക്ക്) പോവുകയോ അതല്ലെങ്കിൽ എന്തെങ്കിലും മത്സരം ബാഴ്സയിൽ സംഘടിപ്പിക്കുകയോ ചെയ്ത് മെസ്സിയുടെ ആഗ്രഹ പ്രകാരം ബാഴ്സയിൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും മാസ് കൂട്ടിചേർത്തു.

മാസ് പറഞ്ഞ വാക്കുകൾ പ്രവർത്തികമായാൽ മെസ്സിയുടെയും അദ്ദേഹത്തിന്റെ ആരാധകരുടെയും ആഗ്രഹ പ്രകാരം ക്യാമ്പ് നൗവിലെ ആരാധകർക്ക് മുന്നിൽ അവസാനമായൊരിക്കൽ പന്ത് തട്ടാൻ മെസ്സിക്ക് സാധിക്കും. ഒരു പക്ഷെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വിടവാങ്ങൽ മത്സരമായിരിക്കും അത്.