തകർപ്പൻ ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുകളുമായി മെസ്സി ,ഡള്ളാസിനെ കീഴടക്കി ഇന്റർ മിയാമി ലീഗ് കപ്പിന്റെ ക്വാർട്ടറിൽ |Lionel Messi

പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി ഡള്ളാസിനെ കീഴടക്കി ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഇന്റർ മിയമിക്കായി സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുകൾ നേടി.

മത്സരത്തിൽ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബയാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. ജോർദി ആൽബ വിങ്ങിൽ നിന്നും നൽകിയ പാസ് ബോക്‌സിനു പുറത്തു നിന്നും മനോഹരമായൊരു ഷോട്ടിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ 37 ആം മിനുട്ടിൽ ഫാകുണ്ടോ ക്വിഗ്നോൻ എഫ്‌സി ഡള്ളാസിനായി സമനില ഗോൾ നേടിയെടുത്തു. അതിനു പിന്നാലെ നാല്പത്തിയഞ്ചാം മിനുട്ടിൽ ബെർണാഡ് കാമുങ്ങോ ഡള്ളാസിന് ലീഡ് നേടിക്കൊടുത്തു. ബോക്സിനുള്ളിൽ നിന്നും രണ്ടു ഡിഫെൻഡർമാരെ മറികടന്നാണ് താരം ഗോൾ നേടിയത്. 63 ആം മിനുട്ടിൽ അലൻ വെലാസ്കോ ഡള്ളാസിനയോ ഒരു ഗോൾ കൂടി നേടി സ്കോർ 3 -1 ആക്കി ഉയർത്തി. 65 ആം മിനുട്ടിൽ പകരക്കാരനിയി ഇറങ്ങിയ ബെഞ്ചമിൻ ക്രെമാഷി ഇന്റർ മിയമിക്കായി ഒരു ഗോൾ കൂടി മടക്കി.

68 ആം മിനുട്ടിൽ റോബർട്ട് ടെയ്‌ലറുടെ സെല്ഫ് ഗോൾ ഡള്ളസിന്റെ ലീഡ് 4 -2 ആക്കി വർദ്ധിപ്പിച്ചു. എന്നാൽ വിട്ടുകൊടുക്കാന് തയ്യാറാവാത്ത ഇന്റർ മിയാമി തിരിച്ചടിച്ചു. 80 ആം മിനുട്ടിൽ മാർക്കോ ഫർഫാന്റെ ടൗൺ ഗോൾ ഇന്റർ മിയമിക്ക് തിരിച്ചുവരവിനുള്ള അവസരമായി സ്കോർ 4 -3 ആക്കി കുറച്ചു. 85 ആം മിനുട്ടിൽ ഫ്രേകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിൽ ലയണൽ നെസ്സി ഇന്റർ മിയാമിയെ ഒപ്പമെത്തിച്ചു.

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ എക്സ്ട്രാ ടൈം ഇല്ലാത്തത് കൊണ്ട് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.ഇന്റർ മിയാമി താരങ്ങൾ എടുത്ത കിക്കെല്ലാം ലക്‌ഷ്യം കണ്ടപ്പോൾ എഫ്‌സി ഡള്ളാസിന്റെ ഒരു താരമെടുത്ത കിക്ക് പുറത്തു പോയതാണ് മത്സരത്തിൽ വിജയം നേടാനും ക്വാർട്ടറിലേക്ക് മുന്നേറാനും ഇന്റർ മിയാമിയെ സഹായിച്ചത്.