മത്സരത്തിൽ ഇടപെടാൻ മെസ്സിയുടെ ബോഡിഗാർഡിന് അധികാരമുണ്ടോ? വൈറലായി വീഡിയോകൾ

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള ലിയോ മെസ്സിയുടെ വിജയമില്ലാത്ത ആദ്യ മത്സരമാണ് ഇന്ന് പൂർത്തിയായത്. ലീഗിലെ മത്സരത്തിൽ ആറാം സ്ഥാനക്കാരായ നാഷ്വില്ലെയെ നേരിടാൻ ഇറങ്ങിയ മിയാമി ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ അപ്രതീക്ഷിതമായി സമനിലയാണ് വഴങ്ങേണ്ടി വന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സിയിൽ പ്രതീക്ഷയർപ്പിച്ച മിയാമി ആരാധകർക്കും നിരാശയാണ് മത്സരഫലം സമ്മാനിച്ചത്.

ഇഞ്ചുറി ടൈമിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ഇന്റർ മിയാമി തന്നെയാണ് കണക്കുകളിൽ മുന്നിൽ നിന്നതെങ്കിലും ഗോളുകൾ മാത്രം സ്കോർ ചെയ്യാൻ മറന്നുപോയി. ഇതിനിടെ ലിയോ മെസ്സിയുടെ ബോഡിഗാർഡ് യാസീൻ ഇഞ്ചുറി ടൈമിൽ പുറത്തേക്ക് വന്ന പന്ത് പെട്ടെന്ന് റിസ്റ്റാർട്ട് ചെയ്യുവാൻ വേണ്ടി മിയാമി താരത്തിന് വേഗം തട്ടി നൽകുന്ന വീഡിയോ ശ്രദ്ധയാകർഷിക്കുകയാണ്.

ലിയോ മെസ്സിയുടെ പിങ്ക് നിറമുള്ള അതേ ഷൂസ് ധരിച്ചുകൊണ്ടാണ് മെസ്സിയും ബോഡിഗാർഡും ഒരുമിച്ച് സ്റ്റേഡിയത്തിൽ എത്തിയത്. അതേസമയം ലിയോ മെസ്സിയുടെ ബോഡിഗാർഡ് മത്സരത്തിനിടെ പന്ത് തട്ടി നൽകിയതിനെ നിരവധി പേര് രംഗത്തെത്തുന്നുണ്ട്. മത്സരത്തിനിടെ പന്ത് തട്ടിയ ബോഡിഗാർഡിന് മത്സരത്തിൽ ഇടപെടാൻ എന്ത്‌ അധികാരമാണുള്ളതെന്നാണ് നിരവധി പേർ ചോദിക്കുന്നത്.

ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഗോൾരഹിത സമനിലയിൽ കളി അവസാനിച്ചപ്പോൾ ഇന്റർമിയാമി പോയിന്റ് ടേബിളിൽ പതിമൂന്നാം സ്ഥാനക്കാരായി തുടരുകയാണ്. അതേസമയം മിയാമിയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചതിന് തുടർന്ന് നാഷ്വില്ല ഏഴാം സ്ഥാനത്താണ് പോയിന്റ് ടേബിളിൽ തുടരുന്നത്. മിയാമി ജേഴ്സിയിൽ തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ നേടിയ ലിയോ മെസ്സിക്ക് അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ഗോളുകൾ ഒന്നും നേടാൻ ആയിട്ടില്ല.