ബ്രസീലിനെയും ഉറുഗ്വയെയും നേരിടാനുള്ള ക്യാമ്പിലേക്ക് ആദ്യം എത്തിയത് ലിയോ മെസ്സി |Lionel Messi

2026 ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് വേണ്ടിയുള്ള ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ദേശീയ ടീം ക്യാമ്പിലേക്ക് താരങ്ങൾ ഓരോന്നായി എത്തിത്തുടങ്ങുകയാണ്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെയാണ് അർജന്റീനയുടെ രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ അരങ്ങേറുന്നത്.

അർജന്റീന ടീം പരിശീലകനായ ലയണൽ സ്കലോണി കഴിഞ്ഞദിവസം എത്തിയിരുന്നു. മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള സീസൺ അവസാനിച്ചതിനാൽ സൂപ്പർതാരമായ ലിയോ മെസ്സി കൂടി അർജന്റീന ടീം ക്യാമ്പിൽ എത്തുന്ന ആദ്യ താരമായി മാറിയിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ടീം ക്യാമ്പിലാണ് ലിയോ മെസ്സി കഴിഞ്ഞ ദിവസം എത്തിയത്.2022 ലോകകപ്പ് വിജയം ആഘോഷിക്കുന്ന ഒരു ചുവർചിത്രത്തിന് മുന്നിൽ പോസ് ചെയ്യുന്ന ചിത്രം “തിരിച്ചു വന്നതിൽ എപ്പോഴും സന്തോഷമുണ്ട്” എന്ന അടിക്കുറിപ്പോടെ മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

യൂറോപ്യൻ ക്ലബ്ബ് തല ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിനാൽ നിലവിൽ അർജന്റീന താരങ്ങൾ മറ്റാരും ക്യാമ്പിലേക്ക് വന്നിട്ടില്ല. ക്ലബ്ബ്തല മത്സരങ്ങൾ അവസാനിക്കുമ്പോൾ ബാക്കിയുള്ള താരങ്ങൾ കൂടി വരുംദിവസങ്ങളിൽ അർജന്റീന ടീം ക്യാമ്പിനോടൊപ്പം ചേരും. നവംബർ 17ന് ഉറുഗ്വക്കെതിരെയാണ് അർജന്റീനയുടെ യോഗ്യത മത്സരം. നവംബർ രണ്ടിന് ശക്തരായ ബ്രസീലിനെതിരെയും അർജന്റീന യോഗ്യത മത്സരത്തിറങ്ങും.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയ ലിയോ മെസ്സി ഉറുഗ്വേക്കെതിരെ അർജന്റീനയുടെ ഹോം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനു മുൻപായി തന്റെ എട്ടാമത് ബാലൻഡിയോർ പുരസ്‌കാരം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം ഇന്റർമിയാമി ആരാധകർ മുന്നിൽ ബാലൻഡിയോർ പുരസ്കാരം പ്രദർശിപ്പിച്ചതിനുശേഷമാണ് അർജന്റീനയിലേക്ക് യാത്ര തിരിച്ചത്.