മിയാമി ജേഴ്സിയിലും മെസ്സി മുന്നോട്ട്, ഈ കാര്യത്തിൽ മെസ്സിയെ വെല്ലുവിളിക്കാൻ പോലും ഫുട്ബോൾ ചരിത്രത്തിൽ ആരുമില്ല,

ഏഴുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ഇന്റർമിയമിയുടെ അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സി ഇന്നത്തെ മിയാമി മത്സരത്തോടെ തന്റെ സർവ്വകാല റെക്കോർഡുമായി മുന്നോട്ടു കുതിക്കുകയാണ്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൽ രണ്ടാം സ്ഥാനത്താണ് ലിയോ മെസ്സി എങ്കിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരിൽ ഒന്നാം സ്ഥാനമാണ് ലിയോ മെസ്സിക്ക്.

ലോസ് ആഞ്ജലാസ് എഫ്സിക്കെതിരെ ഇന്ന് നടന്ന ഇന്റർമിയാമിയുടെ എവേ മത്സരത്തിൽ ഗോൾ ഒന്നും നേടിയിട്ടില്ലെങ്കിലും രണ്ട് അസിസ്റ്റുകൾ നേടിയ ലിയോ മെസ്സി തന്റെ കരിയറിൽ അസിസ്റ്റ് നേട്ടം 361 അസിസ്റ്റുകളായി പുതുക്കി. ഇതിൽ മിക്കതും സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണക്ക് വേണ്ടി ലിയോ മെസ്സി നേടിയതാണ്. ഇന്റർമിയാമി ജഴ്സിയിൽ ലിയോ മെസ്സി നേടിയത് 5 അസിസ്റ്റുകളാണ്.

ഇന്ന് നടന്ന മത്സരത്തിൽ ജോർഡി ആൽബ, കമ്പാന എന്നിവർ നേടുന്ന മിയാമിയുടെ വിജയ ഗോളുകൾക്കാണ് ലിയോ മെസ്സി അസിസ്റ്റ് നൽകിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലോസ് ആഞ്ചലസ് എഫ്സിയെ ലിയോ മെസ്സിയും സംഘവും തകർത്തുവിട്ടത്. മെസ്സിയുടെ അസിസ്റ്റിന്റെ കണക്കുകൾ നോക്കുകയാണെങ്കിൽ മിയാമി ജഴ്സിയിൽ അഞ്ച് അസിസ്റ്റുകൾ സ്വന്തമാക്കിയ ലിയോ മെസ്സി ഫ്രഞ്ച് ക്ലബായ പി എസ് ജി ക്ക് വേണ്ടി 34 അസിസ്റ്റുകളാണ് സ്വന്തമാക്കിയത്.

അർജന്റീന ജേഴ്സിയിൽ 53 അസിസ്റ്റുകൾ നേടിയ ലിയോ മെസ്സി തന്റെ ഇഷ്ടടീമായ എഫ്സി ബാഴ്സലോണക്ക് വേണ്ടി 269 അസിസ്റ്റുകൾ ആണ് നേടിയത്. മുന്നൂറിലധികം അസിസ്റ്റുകൾ നേടുന്ന മറ്റൊരു താരം ഫുട്ബോൾ ചരിത്രത്തിൽ ഇല്ല എന്നതും മറ്റൊരു വസ്തുത. ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളിൽ ബഹുദൂരം മുന്നിലാണ് ലിയോ മെസ്സി കുതിക്കുന്നത്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലിയോ മെസ്സി രണ്ടാം സ്ഥാനത്തുണ്ട്.