❛ഇത് വിചിത്രം❜ ലയണൽ മെസ്സിയെ ഇന്റർ മയാമി ജേഴ്സിയിൽ കാണുന്നതിനെ കുറിച്ച് ബാഴ്സലോണ പ്രസിഡണ്ടിനു പറയാനുള്ളത് |Lionel Messi

രണ്ടു വർഷത്തെ നിരാജനകമായ പാരീസ് ജീവിതത്തോട് വിടപറഞ്ഞാണ് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ലീഗ് ക്ലബായ ഇന്റർ മിയാമിയിലെത്തിയത്. പിഎസ്ജിയുമായി കരാർ അവസാനിപ്പിച്ച മെസ്സി തന്റെ ബാല്യകാല ക്ലബായ ബാഴ്സലോണയിലേക്ക് തിരിച്ചു വരും എന്ന് കരുതിയെങ്കിലും പല കാരണങ്ങൾ കൊണ്ട് ആ ട്രാൻസ്ഫർ സാധ്യമായില്ല.

മെസ്സിയുടെ ക്ലബിലേക്കുള്ള തിരിച്ചുവരവിൽ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും അവസാനം മെസ്സി ഇന്റർ മിയാമി തെരഞ്ഞെടുക്കുകയായിരുന്നു.ക്രൂസ് അസുലിനെതിരായ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിക്കായി അരങ്ങേറിയ മെസ്സി അടുത്ത മത്സരത്തിൽ അറ്റ്ലാന്റയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി ക്ലബ്ബിനെ വിജയത്തിലേക്ക് നയിച്ചു. മെസ്സിയുടെ ഇന്റർ മിയാമി ട്രാൻസ്ഫെറിനെക്കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ലപോർട്ട.

മെസ്സിയെ ഇന്റർ മിയാമി ജേഴ്‌സിയിൽ കാണുന്നത് വിചിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.’ഇതൊരു വിചിത്രമായ വികാരമാണ്, ‘ഞങ്ങൾ ബാഴ്‌സലോണയ്ക്ക് ഒപ്പമാണ് മെസ്സിയെ തിരിച്ചറിഞ്ഞത്.മെസ്സിയെ പിന്തുണയ്ക്കുന്നവരിൽ ഭൂരിഭാഗവും കാണുന്നത് അങ്ങനെയാണ്, കാരണം അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും ബാഴ്‌സയിലായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു, അദ്ദേഹത്തിന് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഞങ്ങളുടെ കളിക്കാർക്ക് ഏറ്റവും മികച്ചത് ഞങ്ങൾ ആഗ്രഹിക്കുന്നു. 14 വയസ്സുള്ള കുട്ടിയായി ബാഴ്‌സലോണയിൽ വന്ന അദ്ദേഹം 20 വർഷം ഞങ്ങളോടൊപ്പം ചെലവഴിച്ചു. മിയാമിയിൽ അവന് വളരെ സന്തോഷവാനായിരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ലപോർട്ട പറഞ്ഞു.

ബാഴ്സയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ട് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സിയുവുമായി ലപോർട്ട ചർച്ചകൾ നടത്തിയിരുന്നു.’ലിയോയ്ക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്, അദ്ദേഹത്തെ ബാഴ്‌സയിലേക്ക് തിരികെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു,ബാർസ നീക്കം തീർച്ചയായും ഒരു ഓപ്ഷനാണ്” മെസ്സിയുടെ പിതാവ് പറഞ്ഞിരുന്നു.ബാഴ്‌സയിലെ തന്റെ 21 വർഷത്തിനിടയിൽ, 778 മത്സരങ്ങളിൽ നിന്ന് 672 തവണ സ്‌കോർ ചെയ്‌ത മെസ്സി ക്ലബ്ബിന്റെ റെക്കോർഡ് അപ്പിയറൻസ് ഹോൾഡറും ടോപ് സ്‌കോററും ആയി. നാല് ചാമ്പ്യൻസ് ലീഗുകളും 11 ലാലിഗ കിരീടങ്ങളും ഏഴ് തവണ ബാലൺ ഡി ഓർ നേടിയിട്ടുണ്ട്.