ലയണൽ മെസി ട്രാൻസ്ഫർ നടത്താൻ ബാഴ്സലോണക്ക് ലാ ലിഗയുടെ പച്ചക്കൊടി |Lionel Messi
ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ് ബാഴ്സലോണ. പിഎസ്ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന താരം അത് പുതുക്കില്ലെന്ന കാര്യം തീർച്ചയായിട്ടുണ്ട്. ഇതോടെയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പിഎസ്ജി വിടുകയാണെങ്കിൽ യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹമുള്ള ലയണൽ മെസി പരിഗണിക്കുന്നതും തന്റെ മുൻ ക്ലബിനെയാണ്.
ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്സലോണയുടെ മുന്നിലുള്ള പ്രധാന തടസം ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ലാ ലിഗ മുന്നോട്ടു വെക്കുന്ന പല തരത്തിലുള്ള നിബന്ധനകളാണ്. മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി ലാ ലിഗക്കു മുന്നിൽ ബാഴ്സലോണ അവതരിപ്പിച്ചെങ്കിലും അവർ അനുമതി നൽകിയില്ല. ഇതോടെ താരം തിരിച്ചു വരാനുള്ള സാധ്യത മങ്ങിയിരുന്നു.
എന്നാൽ ബാഴ്സലോണ അതിനു ശേഷം മുന്നോട്ടു വെച്ച പദ്ധതി ലാ ലിഗ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് പ്രകാരം മെസിയുടെ തിരിച്ചു വരവിനായി 100 മില്യൺ യൂറോ താരങ്ങളെ ട്രാൻസ്ഫർ ചെയ്ത് ബാഴ്സലോണ നേടണം. നിലവിലെ സാഹചര്യത്തിൽ ഇത്രയും തുക ലഭിക്കാൻ ടീമിൽ നിലനിർത്താൻ ഉദ്ദേശമുള്ള ഏതെങ്കിലും താരത്തെ തന്നെ ബാഴ്സലോണ ഒഴിവാക്കേണ്ടി വരും.
ഇനി ബാഴ്സലോണയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം ടീമിലെ താരങ്ങളെ വിൽക്കുകയെന്നതാണ്. റാഫിന്യ, ഫെറൻ ടോറസ്, എറിക് ഗാർസിയ, മാർക്കോസ് അലോൺസോ തുടങ്ങി നിരവധി താരങ്ങൾ ബാഴ്സലോണ വിൽക്കാനുള്ള ലിസ്റ്റിലുൾപ്പെട്ടിട്ടുണ്ട്. മെസിയുടെ പത്താം നമ്പർ ജേഴ്സി നൽകിയ അൻസു ഫാറ്റിയെയും ടീം ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.
🚨🚨✅| BREAKING: La Liga has APPROVED FC Barcelona's viability plan to sign Leo Messi! Javier Tebas has given the GREEN LIGHT.@CatalunyaRadio [🎖️] pic.twitter.com/ab5fSxAJpD
— Managing Barça (@ManagingBarca) May 9, 2023
ലയണൽ മെസി ബാഴ്സയിലേക്കുള്ള തിരിച്ചു വരവാണ് ആഗ്രഹിക്കുന്നത്. അതിനായി പ്രതിഫലം കുറക്കാനും താരം തയ്യാറാണ്. എന്നാൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി ഇതിൽ സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ടെന്ന് മെസിക്കറിയാം. അതുകൊണ്ട് തന്നെ കൂടുതൽ സമ്മർദ്ദം ചെലുത്താതെ താരം മറ്റുള്ള ഓഫറുകൾ പരിഗണിക്കാനും സാധ്യതയുണ്ട്.