‘ഫിറ്റല്ലാത്ത കളിക്കാരെ സൈൻ ചെയ്യില്ല, ഒരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ‘ : പരിശീലകൻ മൈക്കിൽ സ്റ്റാറെ |Kerala Blasters

പല ഐഎസ്എൽ ക്ലബ്ബുകളും ഇതിനോടകം അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും ഒരു ഒഴിവ് ബാക്കി കിടക്കുകയാണ്. ഒരു വിദേശ സ്ട്രൈക്കറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ഇരിക്കെ, ഇതുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുകയും, ആരാധകർ അവരുടെ ആഗ്രഹങ്ങളും ആശങ്കകളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് തുടരുന്നു.

ഇപ്പോൾ, ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് മൈക്കിൽ സ്റ്റാറെ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും, തന്റെ പുതിയ ഉത്തരവാദിത്വത്തെ കുറിച്ചും എല്ലാം വാചാലനായ മൈക്കിൽ സ്റ്റാറെ, കേരള ബ്ലാസ്റ്റേഴ്സിന്റെ അവശേഷിക്കുന്ന വിദേശ സൈനിങ്ങിനെ സംബന്ധിച്ചും സംസാരിക്കുകയുണ്ടായി. ഇന്ത്യൻ സൂപ്പർ ലീഗ് നല്ല സാഹചര്യങ്ങൾ ഉള്ള ആവേശകരമായ ലീഗാണെന്ന് മൈക്കിൽ സ്റ്റാറെ ഡാനിഷ് സ്പോർട്സ് മാഗസിൻ ആയ ടിപ്സ്ബ്ലാടെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഞങ്ങൾ തായ്‌ലൻഡിൽ ഒരു പരിശീലന ക്യാമ്പിൽ പോയി, തുടർന്ന് ഞങ്ങൾ ആരംഭിച്ചു. നല്ല സംഘടിത ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ക്ലബ്ബിൽ ധാരാളം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ജീവിതത്തിലും യാത്രകളിലും നല്ല നിലവാരമുണ്ട്. സ്റ്റേഡിയങ്ങൾ മികച്ചതാണ്. ഓരോ ക്ലബ്ബിനും 6 വിദേശ താരങ്ങൾ ഉണ്ടായിരിക്കാം. ഞങ്ങൾ ഒരു സ്ട്രൈക്കറെ തിരയുകയാണ്, പക്ഷേ ഞങ്ങൾക്ക് സെർബിയ, ഉറുഗ്വാ, ഘാന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാറുണ്ട്,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുടരുന്നു.

“പലപ്പോഴും 30 വയസ്സ് തികഞ്ഞവരും ഉയർന്ന തലത്തിൽ കളിച്ചിട്ടുള്ളവരും ഏഷ്യയിൽ തങ്ങളുടെ കരിയർ നീട്ടാൻ ആഗ്രഹിക്കുന്നവരാണ്. എന്നിരുന്നാലും നിങ്ങൾക്ക് ഇന്ത്യയിൽ വന്ന് എളുപ്പത്തിൽ സാധിക്കാൻ കഴിയില്ല, നിങ്ങൾ അതിന് പരിശ്രമിക്കണം. ഫിറ്റല്ലാത്ത കളിക്കാരെ ക്ലബ്ബുകൾ സൈൻ ചെയ്യില്ല. കരിയറിന്റെ പീക്ക് പീരിയഡിൽ നിൽക്കുന്ന യൂറോപ്യൻ കളിക്കാരെ കിട്ടാൻ പ്രയാസമാണ്. എന്നിരുന്നാലും നിങ്ങളുടെ കരിയർ നിങ്ങൾക്ക് ഒരു പുതിയ തുടക്കം നേടാൻ ആകും, അത് വളരെ രസകരമാണെന്ന് ഞാൻ കരുതുന്നു,” മൈക്കിൽ സ്റ്റാറെ പറഞ്ഞു.