സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീനിധി ഡെക്കാനോട്‌ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഹീറോ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഐ ലീഗ് ക്ലബായ ശ്രീ നിധി ഡെക്കാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആരാധ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളും നേടിയത്.ഈ പരാജയം ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ രണ്ടാമതും ശ്രീ നിധി 4 പോയിന്റുമായി ഒന്നാം സ്ഥാനത്തുമാണ്.

തുടർച്ചയായ രണ്ടാം ജയം തേടി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ 17 ആം മിനുട്ടിൽ ശ്രീ നിധി ഡെക്കാൻ ലീഡ് നേടി.റിൽവാൻ ഹസ്സൻ ആണ് മികച്ച കോമ്പിനേഷൻ പ്ലെയിലൂടെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കിയത്. 23 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് സമനില നേടാൻ അവസരം ലഭിച്ചെങ്കിലും ഡയമന്റകോസിന്റെ ഇടതുകാലുകൊണ്ടുള്ള ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി.സമനില നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമത്തിനിടയിലും ശ്രീനിധി ഡെക്കാൻ കൗണ്ടർ അറ്റാക്കുകൾ നടത്തി കൊണ്ടിരുന്നു.

42 ആം മിനുട്ടിൽ മികച്ച പൊസിഷനിൽ നിന്നുള്ള രാഹുൽ കെപിയുടെ ഷോട്ട് ഡെക്കാൻ താരം തടഞ്ഞു. 44 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഡെക്കാൻ രണ്ടാം ഗോളും നേടി. ക്യാപ്റ്റൻ കൂടിയയായ കാസ്റ്റനേഡയുടെ അവിശ്വസനീയമായ ഫിനിഷ് ഡെക്കാന് രണ്ടു ഗോൾ ലീഡ് നേടി കൊടുക്കുകയായിരുന്നു. ഇടത് വശത്ത് നിന്ന് ഷയസ്‌റ്റെയിൽ നിന്ന് ഒരു ഫ്ലോട്ടഡ് ക്രോസ് കാസ്റ്റനീഡ സ്വീകരിച്ച അക്രോബാറ്റിക് കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. തിരിച്ചടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ഇറങ്ങിയത്.

ഡെക്കാന്റെ പ്രതിരോധം ഭേദിക്കാനുള്ള നിരന്തരമായ അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. 71 ആം മിനുട്ടിൽ വിക്ടറിൽ നിന്ന് ഒരു ലോഫ്റ്റ് ചെയ്ത പന്ത് ജിയാനുവിലേക്ക് എത്തിയെങ്കിലും അദ്ദേഹത്തിന് ഹെഡ്ഡർ ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ബ്ലാസ്റ്റേഴ്സ് ഗോൾ നേടുന്നതിനായി കഠിനമായി ശ്രമിച്ചെങ്കിലും ഡെക്കാൻ പ്രതിരോധം ശക്തമായി നിന്നതോടെ എല്ലാം വിഫലമായി.