വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി പെപ്ര, പ്രശംസയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല.ഘാന താരത്തിനെതിരെ കടുത്ത വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തു.ജനുവരിയിൽ പെപ്രയ്ക്ക് പകരം ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കൊണ്ടു വരണമെന്ന് പോലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

ചെന്നൈയിനെതിരെ നേടിയ ഗോളോടെ താരം വിമശകരുടെ വായയടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പുറത്ത് നിന്നുള്ള വിമർശനം വക വയ്ക്കാതെ തന്നിൽ വിശ്വാസം അർപ്പിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന്റെ പ്രതീക്ഷ പെപ്ര കാത്ത് സൂക്ഷിച്ചു.അതിനു ശേഷം നടന്ന മത്സരങ്ങളിൽ ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിര്ണായകമാവുന്ന പ്രകടനമാണ് 23 കാരൻ പുറത്തെടുത്തത്. ഇന്നലെ മുംബൈക്കെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോളും അസിസ്റ്റും നേടിയ പെപ്ര മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

മുംബൈ സിറ്റിക്കെതിരായ മാച്ച് വിന്നിങ് പ്രകടനത്തോടെ ഇവാൻ വുകോമനോവിച്ച് എന്തുകൊണ്ടാണ് തന്നെ ഇത്രയധികം പിന്തുണച്ചത് എന്ന് തെളിയിക്കാനും പെപ്രയ്ക്കായി. ഇവാൻ പെപ്രയിൽ അർപ്പിച്ച ആ വിശ്വാസമാണ് മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മിന്നും ജയത്തിന് പിന്നിലെ പ്രധാന കാരണവും.“ഞങ്ങൾ പെപ്രയെ സൈൻ ചെയ്തപ്പോൾ അദ്ദേഹത്തിന് പൊട്ടൻഷ്യൽ ഉണ്ടെന്ന് ഞങ്ങൾ കണ്ടിരുന്നു. അദ്ദേഹത്തിന് കളിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ പ്രീ സീസണിൽ വൈകിയെത്തുമ്പോൾ കൃത്യമായ പരിശീലന കാലയളവില്ലാതെ, ഇന്ത്യൻ സൂപ്പർ ലീഗ് പോലൊരു ടൂർണമെന്റിൽ അതെളുപ്പമല്ല. അദ്ദേഹത്തിന് സമയം ആവശ്യമാണ്.കളിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള കളിക്കാരനാണ് പെപ്ര” ചെന്നൈയിനെതിരെ ഘാന താരം ആദ്യ ഗോൾ നേടിയതിനു ശേഷം ഇവാൻ പറഞ്ഞ വാക്കുകളാണിത്.

പെപ്രക്ക് ബ്ലാസ്റ്റേഴ്സിനൊപ്പം താളം കണ്ടെത്താൻ കുറച്ച് സമയം വേണ്ടി വന്നെങ്കിലും ഡയമന്റകോസിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിരിക്കുകയാണ്. “ഞങ്ങളുടെ ടീമിലെ പുതിയ മുഖമാണ് പെപ്ര. ഞങ്ങളുടെ ടീം, പുതിയ ടീമംഗങ്ങൾ, ഞങ്ങളുടെ പ്രവർത്തന ശൈലി, ഞങ്ങളുടെ ജീവിതരീതി, കേരള ബ്ലാസ്റ്റേഴ്സിൽ ഞങ്ങൾ ചെയ്യുന്ന രീതി എന്നിവയുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമായിരുന്നു.പ്രത്യേകിച്ചും കേരളത്തിലെ കാലാവസ്ഥയുമായി. ആദ്യ കാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചതിൽ എനിക്ക് ഖേദമുണ്ട്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, നല്ല കളിക്കാരനാണ്: ഇവാൻ പെപ്രയെക്കുറിച്ച് പറഞ്ഞു.

“ഇപ്പോൾ അദ്ദേഹം ഒരു പരിശീലകനെന്ന നിലയിൽ പെപ്രയും ദിമിത്രി ഡയമന്റകോസും സഹകരിക്കുന്നതും പരസ്പരം അവസരങ്ങൾ സൃഷ്ടിക്കുന്നതും പരസ്പരം സഹായിക്കുന്നതും കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.ഓരോ നിമിഷവും അദ്ദേഹം ടീമിനായി ആത്മാർഥമായി പോരാടുന്നു” പരിശീലകൻ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ പെപ്രയുടെ അസിസ്റ്റിൽ നിന്നും ഡയമന്റോകോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് .ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഡയമന്റോകോസിന്റെ അസിസ്റ്റില്‍ പെപ്രയുടെ ഗോള്‍ പിറക്കുന്നത്.പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 23 പോയിന്റാണുള്ളത്. 9 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോവ എഫ്‌സിയാണ് ഒന്നാമത്.