‘സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ ഗംഭീരമായിരുന്നു’ : കേരള ആരാധകരുടെ പിന്തുണയെ വാനോളം പ്രശംസിച്ച് ഇവാൻ വുകമാനോവിച്ച് |Kerala Blasters

ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.

ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്.വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുള്ള എഫ്‌സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തില്‍ ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി. മത്സരത്തിന് ശേഷ സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച് ആരാധകരെ വാനോളം പ്രശംസിച്ചു.

“ഇന്നത്തെ സ്റ്റേഡിയം അന്തരീക്ഷം വളരെ ഗംഭീരമായിരുന്നു. കൊച്ചിയിലെ ഈ വർഷത്തെ അവസാന മത്സരത്തിൽ ആരാധകർ നൽകിയ പിന്തുണയിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു. അവരുടെ പിന്തുണ വിലമതിക്കാനാകാത്തതാണ്. ഇത്തരം അനുഭവങ്ങൾ കളിക്കാർക്കും അവരുടെ കരിയറിനും വളരെ നല്ലതാണ്. ഇത്ര മികച്ച പിന്തുണ നൽകിയ ആരാധകർക്ക് ഞാൻ നന്ദി പറയുന്നു.ആരാധകരുടെ പിന്തുണ അമൂല്യമാണ്, അവരില്ലാതെ നമ്മൾ ഒന്നുമല്ല” ഇവാൻ പറഞ്ഞു.

ഈ നിമിഷം അഡ്രിയാൻ ലൂണയെ ഞങ്ങൾ ഓർമ്മിക്കുന്നു. അദ്ദേഹത്തെ ഞങ്ങൾക്ക് മിസ് ചെയ്യുന്നു. അദ്ദേഹം ഞങ്ങളുടെ മികച്ച താരങ്ങളിലൊന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ പരസ്പരം താങ്ങായി നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. തുടക്കം മുതൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് നിരവധി കളിക്കാരെ നഷ്ടമായി. ജോഷ്വാ, ജീക്സൺ, ഫ്രഡി, ഐവാൻ, ഇപ്പോൾ ലൂണയും. പക്ഷെ പകരക്കാരായി വന്ന ടീമിലെ ഓരോ താരങ്ങളും പോയിന്റുകൾ നേടാനായി ആത്മാർത്ഥമായി പോരാടുന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു

മത്സരത്തിന്റെ ബ്ലാസ്റ്റേഴ്സ് 11-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ ക്വാമെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ ദിമിത്രിയോസ് ഡയമന്റകോസാണ് ആദ്യ ഗോള്‍ നേടിയത്. സീസണില്‍ താരം നേടുന്ന ആറാം ഗോളാണിത്.ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിത്രിയോസിന്റെ അസിസ്റ്റില്‍ നിന്ന് പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്.