മുംബൈ സിറ്റിയെ കൊച്ചിയിലിട്ട് തകർത്ത് ക്രിസ്തുമസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ഈ സീസണിൽ കൊച്ചിയിൽ വെച്ച് ഒരു ടീമിനും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ജയത്തോടെ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. സർവ മേഖലയിലും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുറത്തെടുത്തത്.

പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രാഹുൽ കെപിക്ക് അവസരം ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. 12 ആം മിനുട്ടിൽ ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.ഇടത് വശത്തുകൂടെ പന്തുമായി മുന്നേറിയ പെപ്ര കൊടുത്ത പാസ് മനോഹരമായ ഫിനിഷിംഗിലൂടെ ദിമി ഗോളാക്കി മാറ്റി. ഗ്രീക്ക് താരത്തിന്റെ ലീഗിലെ ആറാമത്തെ ഗോളായിരുന്നു ഇത്.

22 ആം മിനുട്ടിൽ മുംബൈ താരം ജയേഷ് റാണെയുടെ ബോക്സിനു പുറത്ത് നിന്നുള്ള ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ മടങ്ങി. ആദ്യ പകുതിയുടെ അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് താരം വിബിൻ മോഹനൻ പരിക്ക് മൂലം പുറത്തായി. ഒന്നാം പകുതിയുടെ അവസാനത്തിൽ രാഹുലിന് ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ടിൽ തട്ടി മടങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി. ഡയമന്റകോസിന്റെ പാസിൽ നിന്നും പെപ്രയാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 51 ആം മിനുട്ടിൽ ലീഡ് ഉയർത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഗോൾ തിരിച്ചടിക്കാനുള്ള മുംബൈയുടെ എല്ലാ ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിഫലമാക്കി. 67 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടാനുള്ള പെപ്രയുടെ ശ്രമം മുംബൈ കീപ്പർ ഫുർബ ലചെൻപ തടഞ്ഞു.മുംബൈ സിറ്റിയുടെ പ്രധാന സ്‌ട്രൈക്കറായ ഡയസിനെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സമർത്ഥമായി മാർക്ക് ചെയ്തു.

81 ആം മിനുട്ടിൽ ഇടം വിങ്ങിലൂടെ പന്തുമായി മുന്നേറിയ പെപ്രയുടെ ഗോൾ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ മുംബൈ ആക്രമണം കൂടുതൽ ശക്തമാക്കി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു.