അതെന്റെ ക്ലബ്ബാണ്, ബാഴ്സ വിളിച്ചാൽ ഞാനങ്ങോട്ട് പോവുക തന്നെ ചെയ്യും : ആർട്ടെറ്റ വിഷയത്തിൽ പെപ് ഗ്വാർഡിയോള

ഇനി എഫ്എ കപ്പിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലാണ് മാറ്റുരക്കുക. ഇരുപത്തിയെട്ടാം തീയതി രാത്രി 1:30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈ മത്സരം നടക്കുക. സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോളയും അദ്ദേഹത്തിന്റെ മുൻ അസിസ്റ്റന്റ് ആയിരുന്ന മികേൽ ആർട്ടെറ്റയും പരസ്പരം ഏറ്റുമുട്ടുന്നു എന്നുള്ള സവിശേഷത കൂടി ഈ മത്സരത്തിനുണ്ട്.

2016 മുതൽ 2019 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ അസിസ്റ്റന്റ് പരിശീലകസ്ഥാനത്ത് ആർട്ടെറ്റ ഉണ്ടായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ആഴ്സണലിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഇപ്പോൾ ക്ലബ്ബിനെ നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ആർട്ടെറ്റക്ക് സാധിക്കുന്നുണ്ട്. തന്റെ അസിസ്റ്റന്റ് ആയിരുന്ന ആർട്ടെറ്റ തന്നെ വിട്ട് ആഴ്സണലിലേക്ക് പോയതിനെക്കുറിച്ച് പെപ്പിനോട് ചോദിച്ചിരുന്നു.

അദ്ദേഹം ആഴ്സണലിനെ സ്നേഹിക്കുന്നതുകൊണ്ടാണ് അവിടേക്ക് പോയത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. ഞാൻ ബാഴ്സയെ സ്നേഹിക്കുന്നത് പോലെയാണ് അദ്ദേഹം ഗണ്ണേഴ്സിനെ സ്നേഹിക്കുന്നതെന്നും പെപ് പറഞ്ഞിട്ടുണ്ട്. ബാഴ്സ വിളിച്ചാൽ താൻ അങ്ങോട്ട് പോവുക തന്നെ ചെയ്യും എന്നും ഉദാഹരണമായി കൊണ്ട് ഗാർഡിയോള കൂട്ടിച്ചേർത്തു.

‘ ആർട്ടെറ്റ സിറ്റിയിൽ എന്റെ അസിസ്റ്റന്റ് ആയിരിക്കുന്ന സമയത്ത് എല്ലാ ഗോളുകളും അദ്ദേഹം ഭ്രാന്തമായി ആഘോഷിക്കുമായിരുന്നു. പക്ഷേ സിറ്റി ആഴ്സണലിനെതിരെ ഗോൾ നേടിയാൽ അദ്ദേഹം ആഘോഷിക്കുമായിരുന്നില്ല.അദ്ദേഹം ആഴ്സണലിനെ സ്നേഹിക്കുന്നുണ്ട്. ഞാനും ബാഴ്സയും തമ്മിലുള്ള ബന്ധം പോലെയാണ് ആർട്ടെറ്റയും ആഴ്സണലും തമ്മിലുള്ള ബന്ധം. ഞാൻ അസിസ്റ്റന്റ് പരിശീലകൻ ആയിരിക്കുന്ന സമയത്ത് ബാഴ്സ വിളിച്ചാൽ പോലും ഞാൻ പോവും.അതെന്റെ ക്ലബ്ബാണ്.ബാഴ്സ വിളിച്ചാൽ ഞാൻ പോവാൻ റെഡിയാണ് ‘ പെപ് പറഞ്ഞു.

ബാഴ്സക്ക് നിരവധി കിരീടങ്ങൾ നേടിക്കൊടുത്തിട്ടുള്ള പരിശീലകൻ കൂടിയാണ് ഗാർഡിയോള. അതേസമയം ഒരുപാട് കാലം ആഴ്സണലിന് വേണ്ടി കളിക്കാൻ ആർട്ടെറ്റക്ക് കഴിഞ്ഞിരുന്നു.അതിനുശേഷമാണ് ഇപ്പോൾ പരിശീലകൻ എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുപോകുന്നത്.

Comments (0)
Add Comment