ട്രാൻസ്ഫർ റൗണ്ടപ്പ് : സിറ്റി താരത്തെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് എംബപ്പേ,സിദാൻ തിരികെ റയലിലേക്കോ?

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കിലിയൻ എംബപ്പേ. കരാർ പുതുക്കിയതോടുകൂടി ക്ലബ്ബിനകത്ത് കൂടുതൽ സ്വാധീനം എംബപ്പേക്ക് കൈവന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ എംബപ്പേ ക്ലബ്ബിനോട് ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവയെ ടീമിലേക്ക് കൊണ്ടുവരണമെന്നാണ് എംബപ്പേയുടെ ആവശ്യം.കാൽസിയോ മെർക്കാറ്റോ വെബ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു പിഎസ്ജിയുടെ താരമായിരുന്ന പാബ്ലോ സറാബിയ ക്ലബ് വിട്ടത്. ആ സ്ഥാനത്തേക്ക് ഇപ്പോൾ പിഎസ്ജി യുവ താരവുമായി കരാറിൽ എത്തി എന്ന വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. ലിയോണിന്റെ താരമായ റയാൻ ചെർക്കിയുമായി അഞ്ചുവർഷത്തെ കോൺട്രാക്ടിന്റെ കാര്യത്തിൽ പിഎസ്ജി ധാരണയിൽ എത്തി എന്നാണ് മീഡിയ ഫൂട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ റിപ്പോർട്ടുകൾ പുറത്തേക്ക് വരേണ്ടിയിരിക്കുന്നു.

ചെൽസിയുടെ ബ്രസീലിയൻ താരമായ തിയാഗോ സിൽവയുടെ കോൺട്രാക്ട് ഈ സീസണിന്റെ അന്ത്യത്തിൽ അവസാനിക്കും.ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ചെൽസി തീരുമാനിച്ചിട്ടുണ്ട്. സിൽവയുടെ മികച്ച പ്രകടനം കാരണമാണ് ചെൽസി കരാർ പുതുക്കാൻ തീരുമാനിച്ചിട്ടുള്ളത്.

വോൾവ്സിന്റെ മാത്യൂസ് ന്യൂനസിന് വേണ്ടി നേരത്തെ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ലിവർപൂൾ.ഇപ്പോൾ ചെൽസി കൂടി ഇതിലേക്ക് ജോയിൻ ചെയ്തിട്ടുണ്ട്.കാന്റെ,ജോർജിഞ്ഞോ എന്നിവർ ചെൽസി വിടാനുള്ള സാധ്യതകൾ തെളിഞ്ഞുവരികയാണ്. ആ സ്ഥാനത്തേക്കാണ് പോട്ടർ ന്യൂനസിനെ പരിഗണിക്കുന്നത്.

ഹാക്കിം സിയച്ച് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്.ചെൽസി അദ്ദേഹത്തെ പോകാൻ അനുവദിച്ചേക്കും. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ എവെർടൺ 25 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ താരത്തിന് നൽകാനുള്ള ഒരുക്കത്തിലാണ്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കും ഈ മൊറോക്കൻ താരത്തിൽ താല്പര്യമുണ്ട്.

മുൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സിദാൻ പരിശീലക സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. റയൽ മാഡ്രിലേക്ക് തന്നെ തിരിച്ചെത്താൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആഞ്ചലോട്ടി ക്ലബ്ബ് വിട്ടാൽ സിദാൻ എത്താനുള്ള സാധ്യതയുണ്ട്.

റയൽ മാഡ്രിഡ് സൂപ്പർതാരമായ ലൂക്ക മോഡ്രിച്ചിന് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ വീണ്ടും ഓഫർ നൽകിയിരുന്നു.പക്ഷേ അദ്ദേഹം അതും നിരസിച്ചിട്ടുണ്ട്.യൂറോപ്പ് വിടാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മാത്രമല്ല റയൽ തന്റെ കരാർ പുതുക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.