ബാലൻഡിയോർ മെസ്സിക്കായിരിക്കുമെന്ന് ഹാലണ്ടിന്റെ പരിശീലകൻ, അതിന്റെ കാരണവും വ്യക്തമാക്കുന്നു

2022 – 2023 സീസണിലെ ബാലൻ ഡി ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. സൂപ്പർ താരങ്ങളായ ലിയോ മെസ്സി, എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവർ തമ്മിലാണ് പ്രധാനമായും ബാലൻ ഡി ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള ഇത്തവണത്തെ മത്സരം നടക്കുന്നത്.

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം ആര് നേടുമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് നോർവേ ദേശീയ ടീം പരിശീലകൻ. നോർവേ താരമായ ഹാലൻഡ് ക്ലബ് തലത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് ബാലൻ ഡി ഓർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ ഫിഫ വേൾഡ് കപ്പ്‌ ലഭിച്ചതുകൊണ്ട് മെസ്സി ബാലൻ ഡി ഓർ നേടും എന്നാണ് നോർവേ പരിശീലകൻ പറഞ്ഞത്.

“ഇത് കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, ലിയോ മെസ്സി എന്നിവർ തമ്മിലുള്ള പോരാട്ടമാണ്. ഇവർ തമ്മിലാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് വേണ്ടി പോരാടുന്നത്. ഇവരിൽ ആരാണ് വിജയിക്കുക എന്നത് നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ മെസ്സി എന്ന് പറയും. കാരണം ലിയോ മെസ്സിക്ക് വേൾഡ് കപ്പ് ലഭിച്ചു, എല്ലായിപ്പോഴും വേൾഡ് കപ്പ് കിരീടത്തിന് പ്രാധാന്യമുണ്ട്.” – നോർവേ പരിശീലകനായ സ്റ്റാൾ സോൾബകൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഓരോ സീസണിലും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ അവാർഡിന്റെ ഈ സീസണിലെ ജേതാവിനെ ഒക്ടോബർ 30ന് നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപിക്കുക. നിലവിലെ ബാലൻ ഡി ഓർ പവർ റാങ്കിംഗ് അനുസരിച്ച് അർജന്റീന നായകനായ ലിയോ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൻ ഡി ഓർ അവാർഡ് ഈ സീസണിൽ നേടാനുള്ള സാധ്യതകളാണ് കൂടുതൽ.