ലയണൽ മെസ്സി എത്തിയതിന് പിന്നാലെ വൻ കുതിച്ച് ചാട്ടമാണ് ഇന്റർ മിയാമി നടത്തുന്നത്. അത് കളത്തിനുള്ളിലാണെങ്കിലും കളത്തിന് പുറത്താണെങ്കിലും. കളത്തിനുള്ളിൽ അപരാജിത കുതിപ്പും കിരീടവുമൊക്കെയായി മയാമി കുതിക്കുമ്പോൾ കളത്തിന് പുറത്ത് ജേഴ്സി വില്പനയിലും ടിക്കറ്റ് വിൽപ്പനയിലുമൊക്കെ മയാമി അവിടെയും കുതിക്കുകയാണ്.
മെസ്സി എഫക്ടിൽ മയാമി കരുതിയതിനേക്കാൾ ഇരട്ടിയിലധികം നേട്ടമാണ് ക്ലബ് ഉണ്ടാക്കിയത്.ഇപ്പോഴിതാ മെസ്സിയെ മുൻ നിർത്തി മറ്റൊരു കച്ചവട തന്ത്രം കൂടി മയാമി പുറത്തെടുക്കുകയാണ്. ക്ലബ്ബിന്റെ വിറ്റഴിഞ്ഞ് പോകാത്ത പഴയ ജേഴ്സിയിൽ മെസ്സിയും പേരും നമ്പറും എഴുതി പഴയ സ്റ്റോക്കുകൾ കൂടി വിറ്റഴിച്ച് തീർക്കാനാണ് മയാമിയുടെ പ്ലാൻ.
മെസ്സി വന്നതിന് പിന്നാലെ മെസ്സിയുടെ പേരെഴുതിയ മയാമിയുടെ പിങ്ക് ജേഴ്സികൾ വലിയ രീതിയിൽ വിറ്റഴിഞ്ഞിരുന്നു. ജേഴ്സി നിർമാതാക്കളായ അഡിഡാസിന്റെ സ്റ്റോക്കുകൾ മണിക്കൂറുകൾ കൊണ്ടാണ് വിറ്റ് തീർന്നത്. സ്റ്റോക്കുകൾ വിറ്റ് തീർന്നതിനാൽ മയാമിയുടെ ജേഴ്സി ആരാധകർക്ക് കിട്ടാതായി. പലർക്കും ജേഴ്സിയ്ക്ക് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഇതിനൊക്കെ പരിഹാരം കണ്ടെത്തുകയാണ് മയാമി.
നിലവിലെ പിങ്ക് ജേഴ്സികൾ വിപണിയിലിറങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. അതിന് മുമ്പ് ആരാധകർക്ക് മെസ്സിയുടെ ജേഴ്സി ഉറപ്പാക്കുകയാണ് മയാമി. 2020 ൽ മയാമി വെള്ള നിറത്തിൽ ഒരു ജേഴ്സി പുറത്തിറക്കിയിരിന്നു. എന്നാൽ ആ ജേഴ്സി മൊത്തമായും വിറ്റഴിഞ്ഞിരുന്നില്ല. ആ സ്റ്റോക്കുകൾ ഇപ്പോഴും ബാക്കിയുണ്ട്. ബാക്കിയുള്ള ആ വെളുത്ത ജേഴ്സിയിൽ മെസ്സിയുടെ പേരും നമ്പറും എഴുതി പുറത്തിറക്കാനാണ് മയാമി ഒരുങ്ങുന്നത്.
Inter Miami find genius way to sell more Lionel Messi shirts after jerseys sell out 👕https://t.co/Ixfx7rDJws pic.twitter.com/PhTmm8PDJ2
— Mirror US Sports (@MirrorUSSports) September 11, 2023
ഇതിനോടകം മയാമിയുടെ സ്റ്റോറുകളിൽ മെസ്സിയുടെ വെള്ള ജേഴ്സികളും ഇറങ്ങിയിട്ടുണ്ട്. ആരാധകർക്ക് എളുപ്പത്തിൽ മെസ്സിയുടെ ജേഴ്സികൾ ലഭിക്കാനും പഴയ സ്റ്റോക്കുകൾ വിറ്റ് തീർക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് മയാമിയുടെ ഈ നീക്കം.