സിറിയയോടും തോറ്റ് ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് | AFC Asian Cup 2023

ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്താനും ഒരു വിജയം ആവശ്യമായിരുന്നു.

ഒമർ ക്രിബിന്റെ 76-ാം മിനിറ്റിലെ ഗോൾ ഒരു ബില്യൺ ഹൃദയങ്ങളെ തകർത്തു. ഏഷ്യൻ കപ്പിലെ സിറിയയുടെ ആദ്യ ജയം കൂടിയാണിത്.ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരോട് തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷം ബ്ലൂ ടൈഗേഴ്‌സ് പൂജ്യം പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നത്.എ‌എഫ്‌സി ഏഷ്യൻ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള ഏത് അവസരവും നൽകുന്നതിന് ഒരു ജയം ആവശ്യമുള്ള ഇന്ത്യ മികച്ച രീതിയിലാണ് കളി തുടങ്ങിയത്.

മുമ്പത്തെ രണ്ട് ഗെയിമുകളേക്കാൾ കൂടുതൽ ആക്രമണാത്മക സമീപനമുണ്ടായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ഇന്ത്യയ്ക്ക് വ്യക്തമായ അവസരം ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ സിറിയ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ സിറിയൻ താരങ്ങൾ പരീക്ഷിച്ചു കൊണ്ടേയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കാൽമുട്ടിന് പരിക്കേറ്റ സന്ദേശ് ജിങ്കാനെ നഷ്ടമായി. സുനിൽ ഛേത്രിയുടെയും കൂട്ടരുടെയും മികച്ച ഡിഫൻഡറുടെ നഷ്ടത്തിന് പോലും ഇന്ത്യയുടെ ആവേശം കെടുത്താനായില്ല.

64 ആം മിനുട്ടിൽ മലയാളി താരം സഹൽ അബ്ദുൾ സമദിനെ പരിശീലകൻ പരീക്ഷിച്ചു.75-ാം മിനിറ്റിൽ പകരക്കാരനായ ഒമർ ഖിർബിനിലൂടെ സിറിയ മുന്നിലെത്തി.ഒരു സമനില ഗോളിനായി ഇന്ത്യ ശക്തമായി ശ്രമിച്ചുവെങ്കിലും സിറിയൻ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.