പെലെ, മറഡോണ എന്നിവർക്കൊപ്പം ലയണൽ മെസിയെയും ചേർത്ത് വെക്കാറുണ്ടെങ്കിലും താരം ലോകകപ്പ് നേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് അതിനെ എതിർത്തിരുന്നവർ നിരവധിയായിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞതോടെ മെസിയെ ചരിത്രത്തിലെ മികച്ച താരമായി അംഗീകരിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി അർജന്റീനയുടെ കിരീടനേട്ടത്തിൽ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ മെസിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ഇപ്പോഴും ലയണൽ മെസിയെ ചരിത്രത്തിലെ മികച്ച താരമെന്ന് വിളിക്കാൻ തനിക്ക് കഴിയില്ലെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറയുന്നത്. ഫുട്ബോൾ താരമായും പരിശീലകനായും നിരവധി പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട് എന്നതിനാൽ തന്നെയാണ് മെസിയെ ചരിത്രത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കില്ലെന്നു പറഞ്ഞത്. ലാ ലിഗയിൽ റയൽ വയ്യഡോളിഡിനെതിരെ നടന്ന മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർലോ ആൻസലോട്ടി.
“അതു പറയുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. മെസിയാണോ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് എനിക്കറിയില്ല. ഓരോ കാലഘട്ടത്തിലും ഒരുപാട് നല്ല കളിക്കാറുള്ളതിനാൽ തന്നെ അങ്ങിനെ പറയുന്നത് നീതിയല്ല. അതിനാൽ തന്നെ മെസിയാണ് ചരിത്രത്തിലെ മികച്ച താരമെന്നത് എന്റെ വായിൽ നിന്നും വരാൻ പോകുന്നില്ല. ഞാൻ ഒരുപാട് താരങ്ങളുടെ കളി ആസ്വദിച്ചിട്ടുണ്ട്. ബാലൺ ഡി ഓർ നേടിയ താരത്തെ ഞാനെന്നും പരിശീലിപ്പിക്കുന്നു. ഡി സ്റ്റെഫാനോയുടെ കളി ഞാൻ കണ്ടിട്ടില്ല. പക്ഷെ മറഡോണ, ക്രൈഫ് എന്നിവർ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.” ആൻസലോട്ടി പറഞ്ഞു.
Carlo Ancelotti isn't feeling the talk of Lionel Messi being the greatest of all time 👀#Messi #Ancelotti #RealMadrid pic.twitter.com/LCWaz1r73s
— DR Sports (@drsportsmedia) December 29, 2022
ലോകകപ്പിനു ശേഷം നിരവധി ആരാധകർ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന തർക്കം അവസാനിച്ചു എന്ന വാദം ഉയർത്തുന്നവരാണ്. എന്നാൽ ആൻസലോട്ടിയെ പോലെ ഫുട്ബോളിനെ കണ്ടിട്ടുള്ള, നാല് തലമുറയിൽ പെട്ട താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ള ഒരാൾ അങ്ങിനെ പറയാൻ കഴിയില്ലെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ അദ്ദേഹം ആശംസകൾ നൽകിയിരുന്നു. ലയണൽ സ്കലോണി ഈ കിരീടം അർഹിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.