❛എന്റെ ഭാവി മറ്റുള്ളവർ തീരുമാനിക്കാൻ എനിക്ക് ആഗ്രഹമില്ല, എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കണം..❜

എഫ്സി ബാഴ്സലോണ ലിയോ മെസ്സിയുടെ സൈനിങ് പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നവരെ നിരാശയിലാക്കിയാണ് സൂപ്പർ താരം മേജർ സോക്കർ ലീഗിലേക്ക് കൂടുമാറാനുള്ള തയ്യാറെടുപ്പ് നടത്തിയത്. സൗദിയിൽ നിന്നും യൂറോപ്പിൽ നിന്നും വന്ന മികച്ച ഓഫറുകൾ വേണ്ടെന്ന് വെച്ചാണ് മെസ്സി അമേരിക്കൻ നീക്കം തീരുമാനിച്ചത്.

സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ കഴിയാത്തതിന്റെ കാരണം ലിയോ മെസ്സി വെളിപ്പെടുത്തി. ബാഴ്സലോണയിലേക്ക് തിരിച്ചവരുന്നത് സ്വപ്നമായിരുന്നുവെന്നും എന്നാൽ ലാലിഗ അനുമതി കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ ഇനിയും ശെരിയാക്കേണ്ടതുണ്ടായിരുന്നുവെന്നാണ് ലിയോ മെസ്സി പറഞ്ഞത്.

“എനിക്ക് ശെരിക്കും ബാഴ്സലോണയിലേക്ക് മടങ്ങിപോകണം എന്നുണ്ടായിരുന്നു, ഞാനത് ആഗ്രഹിച്ചിരുന്നു. പക്ഷെ രണ്ട് വർഷം മുൻപ് എന്താണോ സംഭവിച്ചത് അതുപോലെയുള്ള സാഹചര്യത്തിൽ വീണ്ടും കുടുങ്ങിപോകാതിരിക്കാൻ എനിക്ക് ആഗ്രഹമില്ല. ആരുടെയോ കൈകളിൽ എന്റെ ഭാവി കൊടുക്കാൻ തയ്യാറല്ലായിരുന്നു. എനിക്ക് എന്റേതായ തീരുമാനങ്ങൾ എടുക്കേണ്ടത് ആയി വന്നു, എന്റെ ഫാമിലിയുടെ കാര്യങ്ങൾ കൂടി എനിക്ക് നോക്കേണ്ടതുണ്ട്.”

“ലാലിഗ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ ഞാൻ കേട്ടിരുന്നു, പക്ഷെ സത്യം എന്തെന്നാൽ ലാലിഗ അനുമതിയെ കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ എന്നെ ബാഴ്സയിലെത്തിക്കുന്നതിൽ ശെരിയാക്കേണ്ടതുണ്ടായിരുന്നു. ഞാൻ ബാഴ്‌സലോണയിൽ തിരിച്ചെത്തണമെങ്കിൽ അവിടെയുള്ള നിരവധി താരങ്ങളെ വിൽക്കുകയും നിരവധി പേരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യണമായിരുന്നു, അങ്ങനെയൊരു തിരിച്ചുവരവ് ഞാൻ ആഗ്രഹിക്കുന്നില്ല.” – ലിയോ മെസ്സി പറഞ്ഞു.

യൂറോപ്പിനെയും സൗദിയിൽ നിന്നുമുള്ള വമ്പൻ ഓഫറിനെയും തള്ളി ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ ചേർന്നതിനെതിരെ ലിയോ മെസ്സി ആരാധകർ തന്നെ രംഗത്ത് എത്തുന്നുണ്ട്. യൂറോപ്പിൽ നിന്നും തന്നെ ഓഫറുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് ആരാധകർ ചോദിക്കുന്നത്.