മെസ്സിയുടെ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് സൂപ്പർ താരം “മെസ്സി മെസ്സിയാണ്, ഫുട്ബോളിൽ മാത്രമല്ല എല്ലാ കായികയിനത്തിന്റെയും ഐക്കൺ ആണ്”

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഫ്രഞ്ച് ലീഗ് ഭരിക്കുന്ന പിഎസ്ജി വിട്ടുകൊണ്ട് അർജന്റീന സൂപ്പർ താരമായ ലിയോ മെസ്സി ബാഴ്സലോണയിൽ ചേരാനുള്ള ആഗ്രഹവുമായി ബാഴ്സലോണ അധികൃതരെ സമീപിച്ചിരുന്നു. ലിയോ മെസ്സി സൈനിങ് പൂർത്തിയാക്കുവാൻ വേണ്ടി ബാഴ്സലോണ ശ്രമങ്ങൾ നടത്തിയെങ്കിലും അത് പാഴായി പോയി.

തുടർന്ന് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ തള്ളിയ ലിയോ മെസ്സി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിൽ പോകാനാണ് തീരുമാനിച്ചത്. സൗദിയിൽ നിന്നും വമ്പൻ ഓഫറുകൾ വന്നെങ്കിലും ലിയോ മെസ്സി അതെല്ലാം ഒഴിവാക്കുകയായിരുന്നു.

ലിയോ മെസ്സി ഏറെ സമയം ചെലവഴിച്ച സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡിന്റെ സൂപ്പർ താരം മെസ്സി ഇന്റർ മിയാമിയിൽ പോയതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഉറുഗായ് മിഡ്‌ഫീൽഡർ ഫെഡറിക്കോ വാൽവർഡെയാണ് മെസ്സിയെ കുറിച്ച് സംസാരിക്കുന്നത്.

“മെസ്സി മെസ്സിയാണ്. ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം എന്താണ് പ്രതിനിധീകരിക്കുന്നതെന്ന് നമുക്കറിയാം. ഫുട്ബോളിൽ മാത്രമല്ല, ഏത് കായിക ഇനത്തിനും അദ്ദേഹം ഒരു ഐക്കണാണ്. ഇപ്പോൾ അദ്ദേഹത്തെ ബഹുമാനിക്കാനും അഭിനന്ദിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനുമുള്ള സമയമാണിത്.” – ഫെഡെ വാൽവർഡെ പറഞ്ഞു.

ലിയോ മെസ്സി ട്രാൻസ്ഫർ പൂർത്തിയായ നിമിഷം മുതൽ ഇന്റർ മിയാമി ക്ലബ്ബിന് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടേയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മില്യൻസ് പിന്തുണക്കാർ കൂടികൊണ്ടിരിക്കുകയാണ്. ടിക്കറ്റ് വില്പനയുടെ കാര്യത്തിൽ സീസണിലെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ വിറ്റുപോയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.