ഫിലിപ്പെ കൂട്ടിഞ്ഞോ ബ്രസീലിലേക്ക് മടങ്ങുമെന്ന റൂമറുകൾ,സത്യം വെളിപ്പെടുത്തി ഡഗ്ലസ് ലൂയിസ്

കഴിഞ്ഞ വർഷമായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോ ബാഴ്സലോണ വിട്ടുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് എത്തിയത്.ആദ്യം ലോണിൽ എത്തിയ താരത്തെ പിന്നീട് ക്ലബ്ബ് സ്ഥിരപ്പെടുത്തുകയായിരുന്നു. പക്ഷേ പ്രതീക്ഷിച്ച് രൂപത്തിലുള്ള ഒരു മികവ് പുലർത്താൻ ബ്രസീൽ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു.

ഇതോടുകൂടി കൂട്ടിഞ്ഞോ തന്റെ ജന്മദേശമായ ബ്രസീലിലേക്ക് തന്നെ മടങ്ങും എന്നുള്ള വാർത്തകളും റൂമറുകളും ഉണ്ടായിരുന്നു. ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിന് കൂട്ടിഞ്ഞോയെ ക്ലബ്ബിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എന്നായിരുന്നു വാർത്തകൾ. പക്ഷേ ഈ റൂമറുകളോട് ആസ്റ്റൻ വില്ലയിലെ കൂട്ടിഞ്ഞോയുടെ സഹതാരമായ ഡഗ്ലസ് ലൂയിസ് പ്രതികരിച്ചിട്ടുണ്ട്.അതായത് കൂട്ടിഞ്ഞോ ആസ്റ്റൻ വില്ലയിൽ ഹാപ്പിയാണെന്നും അദ്ദേഹം ഇവിടെ തന്നെ തുടരും എന്നാണ് ഡഗ്ലസ് ലൂയിസ് പറഞ്ഞിട്ടുള്ളത്. രണ്ടുപേരും ബ്രസീലിയൻ സഹതാരങ്ങൾ കൂടിയാണ്.ലൂയിസ് പറഞ്ഞത് ഇങ്ങനെയാണ്.

‘ ഫിലിപ്പെ കൂട്ടിഞ്ഞോ ഇവിടെ വളരെയധികം ഹാപ്പിയാണ്. ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്.ഈ ക്ലബ്ബിൽ തന്നെയാണ് ഞങ്ങൾ ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഇപ്പോൾ 30 വയസ്സാണ്. ഒരു 35 വയസ്സ് വരെയെങ്കിലും ഹൈ ലെവലിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ ഉടൻതന്നെ ബ്രസീലിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് ധൃതി ഉണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്.റൂമറുകൾ എപ്പോഴും സ്വാഭാവികമാണ്. അദ്ദേഹത്തിന് കളിക്കാനുള്ള അവസരങ്ങൾ ലഭിക്കാതിരിക്കുമ്പോൾ അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ താല്പര്യമുണ്ട് എന്ന് പലരും ധരിക്കും. പക്ഷേ അങ്ങനെയൊന്നും ഇവിടെ സംഭവിച്ചിട്ടില്ല ‘ ലൂയിസ് പറഞ്ഞു.

2018 ലിവർപൂൾ വിട്ടതിനുശേഷം തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ ഇതുവരെ കൂട്ടിഞ്ഞോക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.കൂടാതെ പരിക്കുകൾ നല്ല രൂപത്തിൽ അദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു.പരിക്കു മൂലം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഈ ബ്രസീലിയൻ താരത്തിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.