അർജന്റീനയുടെ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ അത്‌ലറ്റികോ മാഡ്രിഡ് വിടും, താരം ചേക്കേറുക യുവന്റസിലേക്ക്

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് അർജന്റീനയുടെ മിഡ്‌ഫീൽഡറായ റോഡ്രിഗോ ഡി പോൾ. ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ പോയതോടെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിരുന്നു. പക്ഷേ പിന്നീടുള്ള മത്സരങ്ങളിൽ എല്ലാം അർജന്റീനയുടെ ഒരു യന്ത്രം എന്ന രൂപേണയാണ് റോഡ്രിഗോ ഡി പോൾ കളിച്ചിട്ടുള്ളത്.

വേൾഡ് കപ്പ് ചാമ്പ്യന്മാരായതിനുശേഷം അദ്ദേഹം തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ കാണികൾ അദ്ദേഹത്തെ കൂടിയത് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. മാത്രമല്ല സ്പാനിഷ് ക്ലബ്ബിൽ വേണ്ട രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലോ സാധ്യമായിട്ടില്ലെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലോ അത്ലറ്റിക്കോ വിടാൻ ഈ അർജന്റീന താരം തീരുമാനിച്ചിട്ടുണ്ട്.

2016 മുതൽ 2021 വരെ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനസിന് വേണ്ടിയായിരുന്നു ഡി പോൾ കളിച്ചിരുന്നത്. അതിനുശേഷമായിരുന്നു അദ്ദേഹം അത്ലറ്റിക്കോയിൽ എത്തിയത്. പക്ഷേ ഇറ്റാലിയൻ ലീഗിലേക്ക് തന്നെ മടങ്ങാനാണ് ഇപ്പോൾ ഡി പോൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ഇറ്റാലിയൻ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.

പ്രധാനപ്പെട്ട ക്ലബ്ബ് യുവന്റസ് തന്നെയാണ്. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിക്കൊണ്ട് പിന്നീട് സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യമാണ് യുവന്റസിന് ഉള്ളത്. 40 മില്യൺ യൂറോ ആണ് താരത്തിന്റെ വിലയായി കൊണ്ട് അത്ലറ്റിക്കോ ആവശ്യപ്പെടുന്നത്.ഇതാണ് യുവന്റസിന് ഒരല്പം തടസ്സം സൃഷ്ടിക്കുന്ന കാര്യം.

മറ്റു ഇറ്റാലിയൻ ക്ലബ്ബുകൾ ആയ എസി മിലാൻ,റോമ എന്നിവർക്കും ഈ അർജന്റീന താരത്തിൽ താല്പര്യമുണ്ട്. ഈ രണ്ടു ടീമുകളും സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്കും താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകളും സജീവമായിട്ടുണ്ട്.ഡി പോൾ ഇനി ഒരുപാട് കാലം സ്പാനിഷ് ക്ലബ്ബിൽ ഉണ്ടാവില്ല എന്നത് തന്നെയാണ് ഈ റൂമറുകൾ ഒക്കെ സൂചിപ്പിക്കുന്നത്.