ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ| Cristiano Ronaldo

റിയാദിലെ അൽ-അവ്വൽ പാർക്കിൽ അൽ അഖ്ദൂദിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസ്സർ. എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസ്സർ സ്വന്തമാക്കിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ ഹിലാലിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലായി അൽ നാസർ. എന്നാൽ അവർ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. സമി അൽ-നജീയാണ് അൽ നസറിനായി സ്കോർകാർഡ് തുറന്നത്. 77 ആം മിനുട്ടിൽ റൊണാൾഡോയുടെ ഗോളിൽ അൽ നാസ്സർ ലീഡ് ഉയർത്തുകയും ചെയ്തു.ബോക്‌സിനുള്ളിലെ അക്യൂട്ട് ആംഗിളിൽ നിന്ന് ഉജ്ജ്വലമായ സ്‌ട്രൈക്കിലൂടെ റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടി. മൂന്നു മിനിട്ടുകൾക്ക് ശേഷം അത്ഭുത ഗോളിലൂടെ റൊണാൾഡോ അൽ നാസറിന്റെ സ്കോർ 3 -0 ആയി ഉയർത്തി.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫസ്റ്റ് ഡിവിഷൻ ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരിക്കുകയാണ് . ഇതിഹാസങ്ങളായ ജോസഫ് ബികാൻ, ഫെറങ്ക് പുസ്കാസ് എന്നിവരുടെ 515 ഫസ്റ്റ് ഡിവിഷൻ ഗോളുകൾ ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ റൊണാൾഡോ മറികടന്നു.സൗദിയിലെ ടോപ് സ്കോറർ ലിസ്റ്റിലും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായും ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് കളിക്കുന്നത്.

അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോ അടുത്തിടെ 2023 ജനുവരിയിൽ സൗദി ക്ലബ് അൽ നാസറിൽ ചേർന്നത് മുതൽ 42 മത്സരങ്ങൾ കളിക്കുകയും 36 ഗോളുകൾ നേടുകയും ചെയ്തു. സൗദി പ്രോ ലീഗിന്റെ നിലവിലെ സീസണിൽ 13 മത്സരങ്ങളിൽ കളിക്കുകയും 15 ഗോളുകൾ നേടുകയും ചെയ്തു. 2023-24 സീസണിൽ അൽ നാസറിനായി റൊണാൾഡോ ഏഴ് അസിസ്റ്റുകളും ചെയ്തു.