ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ ഈ ട്രാൻസ്ഫർ കൊണ്ട് താരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ്. അത്തരമൊരു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് വാസ്തവം. പല കാര്യങ്ങളും കൃത്യമായി നടന്നാൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്റും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം നടക്കും. കൊച്ചിയിൽ തന്നെ റൊണാൾഡോ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
എഎഫ്സി ചാമ്പ്യൻസ് ലീഗ്, എഎഫ്സി കപ്പ്, എഎഫ്സി കപ്പ് പ്ലേ ഓഫ് എന്നിവയാണ് റൊണാൾഡോയുടെ അൽ നസ്റും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയുള്ള ടൂർണമെന്റുകൾ. മുൻ സീസണിലെ ഐഎസ്എൽ ഷീൽഡ് വിജയികളും ഈ സീസണിലെ ഷീൽഡ് വിജയികളും തമ്മിലുള്ള മത്സരത്തിൽ വിജയിച്ച ടീമാണ് ഇതിനു യോഗ്യത നേടുക. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി പ്ലേ ഓഫിൽ വിജയം നേടുകയും വേണം. അതുപോലെ റൊണാൾഡോ കളിക്കുന്ന ക്ലബും ഇതേ ടൂർണമെന്റിന് യോഗ്യത നേടിയാൽ ഗ്രൂപ്പ് ഘട്ടത്തിലോ നോക്ക്ഔട്ടിലോ ഏറ്റുമുട്ടാനുള്ള അവസരമുണ്ടാകും.
എഎഫ്സി കപ്പിനു യോഗ്യത നേടുന്നത് സൂപ്പർകപ്പ് വിജയികളും കഴിഞ്ഞ സീസണിലെ ഐ ലീഗ് വിജയികളും തമ്മിലുള്ള പ്ലേ ഓഫിലൂടെയാണ്. ഇതിലൂടെ എഎഫ്സി കപ്പിന് യോഗ്യത നേടുകയും റൊണാൾഡോ കളിക്കുന്ന അൽ നസ്റും അതുപോലെ എഎഫ്സി കപ്പിന് യോഗ്യത നേടുകയും ചെയ്താൽ റൊണാൾഡോയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ മത്സരം നടക്കാനുള്ള സാധ്യതയുണ്ട്. ഇതിനു പുറമെ എഎഫ്സി കപ്പ് പ്ലേ ഓഫ് മത്സരത്തിലും രണ്ടു ടീമുകളും ഏറ്റുമുട്ടിയേക്കാമെന്ന സാധ്യതയുണ്ട്. അതല്ലെങ്കിൽ റൊണാൾഡോ കളിക്കുന്ന ടീമുമായി സൗഹൃദമത്സരം സംഘടിപ്പിക്കാനുള്ള ശ്രമവും നടത്താം.
റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറിയത് ഏഷ്യൻ ഫുട്ബോളിന് വളരെയധികം ഉണർവ് നൽകുന്ന കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല. റൊണാൾഡോ പോലെയുള്ള മികച്ച താരങ്ങൾ കളിക്കുന്ന ടീമുകളെ എതിരിടണമെന്നതു കൊണ്ട് മറ്റു ക്ലബുകൾ അതിനനുസരിച്ച് മെച്ചപ്പെടാനുള്ള ശ്രമങ്ങൾ നടത്തും. ഇത് ഏഷ്യൻ ഫുട്ബോളിന്റെ കരുത്തു വർധിപ്പിക്കും. ഇതിനു പുറമെ ഏഷ്യയിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ആഗോളതലത്തിൽ കുറച്ചുകൂടി പ്രശസ്തി ലഭിക്കാനും ഇത് കാരണമാകും.