“ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് പ്രതീക്ഷിച്ച താരത്തിന്റെ ദുഖകരമായ അവസാനം”- റൊണാൾഡോയുടെ സൗദി ട്രാൻസ്‌ഫറിനെക്കുറിച്ച് പ്രീമിയർ ലീഗ് ഇതിഹാസങ്ങൾ

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാലായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന് രണ്ടു മാസം മുൻപ് വരെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. എന്നാൽ അതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അൽ നസ്‌റുമായി 2025 വരെയുള്ള കരാർ റൊണാൾഡോ ഒപ്പിട്ടതായി ക്ലബ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

മുപ്പത്തിയെട്ടു വയസിനടുത്തെത്തിയെങ്കിലും റൊണാൾഡോയെപ്പോലൊരു താരം സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയത് കരിയറിൽ പുറകോട്ടു പോക്കാണെന്ന് കരുതുന്നവർ നിരവധിയാണ്. റൊണാൾഡോയുടെ ട്രാൻസ്‌ഫർ പ്രഖ്യാപനത്തിനു പിന്നാലെ പ്രീമിയർ ലീഗിലെ ഇതിഹാസതാരങ്ങളായ ഗാരി നെവിൽ, ജെമീ കരാഗർ എന്നിവർ സമാനമായ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. ലിവർപൂളും ലൈസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് ശേഷമാണ് ഇരുവരും റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് സംസാരിച്ചത്.

“താരത്തിന് യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹമുണ്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ ക്ലബുകളൊന്നും ഓഫറുമായി വന്നില്ലെന്നാണ് ഇതു തെളിയിക്കുന്നത്. ഇതെനിക്ക് ദുഖമുണ്ടാക്കുന്നു. റൊണാൾഡോ ടോപ് ലെവൽ ഫുട്ബോളിൽ ഇനിയില്ലെന്നത്. ഓൾഡ് ട്രാഫോഡിലാണ് അതിന് അവസാനം കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.” മാസങ്ങൾക്ക് മുൻപ് റൊണാൾഡോയുടെ അപ്രീതിക്ക് പാത്രമായ ഗാരി നെവിൽ കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട്സിനോട് പറഞ്ഞു.

“റൊണാൾഡോയെ സംബന്ധിച്ച് ഇതൊരു ദുഖകരമായ അവസാനം തന്നെയല്ലേ. റൊണാൾഡോ പിയേഴ്‌സ് മോർഗാനുമായി അഭിമുഖം നടത്തി കരിയർ അവസാനിപ്പിക്കുന്നു, മെസി ലോകകപ്പ് നേടുന്നു.” ലിവർപൂൾ മുൻ താരമായ കരാഗർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ പിയേഴ്‌സ് മോർഗാനുമായി നടത്തിയ അഭിമുഖത്തിൽ ഉയർത്തിയ വിവാദങ്ങളെ തുടർന്നാണ് ക്ലബിൽ നിന്നും പുറത്താക്കപ്പെടുന്നത്. ജനുവരിയിൽ ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യത തുറക്കുമെന്നാണ് താരം കരുതിയെങ്കിലും അതുണ്ടായില്ല.

അതേസമയം ലോകഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി മാറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് ചേക്കേറുന്നത്. നിലവിൽ യൂറോപ്പിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന എംബാപ്പയേക്കാൾ ഉയർന്ന വേതനമാണ് റൊണാൾഡോക്ക് ലഭിക്കുന്നത്. അതേസമയം റൊണാൾഡോ എന്നാണു സൗദി ലീഗിൽ ആദ്യത്തെ മത്സരത്തിനിറങ്ങുകയെന്നു വ്യക്തമല്ല. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ക്ലബാണ് അൽ നസ്ർ.