20 വർഷത്തെ സുദൃഢമായ ബന്ധത്തിന് വിട,ക്രിസ്റ്റ്യാനോ റൊണാൾഡോയും സൂപ്പർ ഏജന്റ് മെന്റസും വഴി പിരിഞ്ഞു

കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കളിക്കാനുള്ള അവസരങ്ങൾ റൊണാൾഡോക്ക് വളരെ കുറവായിരുന്നു.ടെൻ ഹാഗ് പലപ്പോഴും താരത്തെ ബെഞ്ചിലിരുത്തിയിരുന്നു. മാത്രമല്ല ഈ സീസണിൽ മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഇതിനെ പിന്നാലെയാണ് അദ്ദേഹം പിയേഴ്സ് മോർഗന് ഒരു വിവാദ ഇന്റർവ്യൂ നൽകുന്നത്. വലിയ വിമർശനങ്ങൾ അതിലുന്നയിച്ചതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി.യുണൈറ്റഡുമായുള്ള കരാർ റദ്ദാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വേൾഡ് കപ്പിലും പലപ്പോഴും റൊണാൾഡോക്ക് ബെഞ്ചിൽ ഇരിക്കേണ്ടിവന്നു. തുടർന്ന് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിലേക്ക് ചേക്കേറാൻ റൊണാൾഡോ തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴിതാ റൊണാൾഡോയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ 20 വർഷത്തോളമായി റൊണാൾഡോയുടെ ഏജന്റായിരുന്ന ജോർഗെ മെന്റസ് ഇപ്പോൾ താരവുമായി വഴി പിരിഞ്ഞിട്ടുണ്ട്. സൂപ്പർ ഏജന്റ് എന്നറിയപ്പെടുന്ന ഇദ്ദേഹം റൊണാൾഡോയുടെ കരിയറിൽ പലപ്പോഴും വഴിത്തിരിവ് സൃഷ്ടിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ്.

ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിൽ ആയിരുന്ന സമയത്താണ് ജോർഗെ മെന്റസ്‌ താരത്തിന്റെ ഏജന്റ് ആവുന്നത്. ഇദ്ദേഹം റൊണാൾഡോയുമായി വഴിപിരിയാനുള്ള കാരണവും മോർഗനുമായുള്ള ഇന്റർവ്യൂ തന്നെയാണ്. ഇന്റർവ്യൂയുടെ കാര്യത്തിൽ കടുത്ത എതിർപ്പ് ജോർഗെ മെന്റസിനു ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് റൊണാൾഡോയും മെന്റസും ഇപ്പോൾ പിരിഞ്ഞിരിക്കുന്നത്.

അൽ നസ്സ്റിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ ഭാഗമാവാൻ ജോർഗെ മെന്റസ് ഇല്ലായിരുന്നു എന്നുകൂടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറിച്ച് റിക്കാർഡോ റെഗുലെയാണ് റൊണാൾഡോയുടെ പുതിയ പ്രതിനിധി. ഈ ട്രാൻസ്ഫറിന്റെ ഭാഗമായി കൊണ്ട് ലഭിച്ച 30 മില്യൺ യൂറോ റിക്കാർഡോയാണ് പോക്കറ്റിലാക്കിയത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.നൈക്കിന് വേണ്ടി വർഷങ്ങളായി റൊണാൾഡോക്കൊപ്പം പ്രവർത്തിച്ച് പോരുന്ന വ്യക്തി കൂടിയാണ് റിക്കാർഡോ.