‘ആറോ ഏഴോ കളിക്കാരെ മറികടക്കാൻ കഴിയുമായിരുന്ന മെസ്സിയല്ല ഇപ്പോഴുള്ളത് ,അദ്ദേഹത്തിന് വേഗതയും കരുത്തും നഷ്ടപ്പെട്ടു’ : മുന്‍ കൊളംബിയന്‍ താരം അഡോള്‍ഫോ വലന്‍സിയ | Lionel Messi

കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുന്‍ കൊളംബിയന്‍ താരം അഡോള്‍ഫോ വലന്‍സിയ. നിലവിൽ ലയണല്‍ മെസ്സിയെ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.തുടർച്ചയായ രണ്ടാം സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് അര്ജന്റീനക്ക് നേടികൊടുക്കാനുള്ള ശ്രമത്തിലാണ് ലയണൽ മെസ്സി.

2021 കോപ്പയിലും 2022 ലോകകപ്പിലും തൻ്റെ മാതൃരാജ്യത്തെ മഹത്വത്തിലേക്ക് നയിച്ച മെസ്സിക്ക് മൂന്നാം കിരീടം നേടാം എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.കാനഡയ്‌ക്കെതിരായ അർജൻ്റീനയുടെ സെമി ഫൈനൽ വിജയത്തിൽ മെസ്സി ഈ കോപ്പ അമേരിക്കയിലെ ആദ്യ ഗോൾ നേടിയിരുന്നു.28-ഗെയിം അപരാജിതരായെത്തുന്ന കൊളംബിയക്കെതിരെ അര്ജന്റീന കഠിനമായി പോരാടേണ്ടി വരുമെന്നുറപ്പാണ്.

ബ്രസീൽ, കോസ്റ്റാറിക്ക, പരാഗ്വേ എന്നിവരടങ്ങുന്ന കരുത്തരായ ടീമുകളെ മറികടന്നാണ് കൊളംബിയ ക്വാർട്ടറിലെത്തിയത്.2001-ലെ കോപ്പ ചാമ്പ്യൻമാർ ക്വാർട്ടർ ഫൈനലിൽ പനാമയെ 5-0 ന് തകർത്തു, അതിനു ശേഷം ഉറുഗ്വേയെ ഗെയിമിൽ തോൽപ്പിച്ചു.കൊളംബിയയുടെ ഫൈനലിലെ സാധ്യതയെക്കുറിച്ചും മെസ്സിയെക്കുറിച്ചും ഇതിഹാസ സ്‌ട്രൈക്കർ അഡോൾഫോ വലൻസിയ ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്.

‘ബാഴ്‌സയില്‍ കണ്ട പഴയ മെസ്സിയല്ല ഇപ്പോഴുള്ളത്. പണ്ട് ആറും ഏഴും കളിക്കാരെ മറികടന്ന് മുന്നേറാന്‍ പഴയ മെസ്സിക്ക് സാധിച്ചിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന് ആ വേഗതയും കരുത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. മെസ്സിയെ ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും തടയാന്‍ സാധിക്കും. ഇക്കാര്യമാണ് കൊളംബിയ മുതലെടുക്കേണ്ടത്’, വലന്‍സിയ പറഞ്ഞു.