‘പറന്നിറങ്ങി കേരള ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ’ : ടീമിനൊപ്പം ചേർന്ന് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീ സീസൺ തായ്‌ലൻഡിൽ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ടീം തായ്‌ലൻഡിൽ എത്തിയത്. ഇപ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം ചേർന്നു. 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയാൻ ലൂണ, 2023-24 സീസണ് ശേഷം അദ്ദേഹത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സുമായി പുതുക്കിയിരുന്നു.

3 വർഷത്തേക്കാണ് കരാർ പുതുക്കിയിരിക്കുന്നത്. പുതിയ കരാർ പ്രകാരം 2027 വരെ ഈ ഉറുഗ്വേയൻ മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ്നൊപ്പം ഉണ്ടാകും. 32-കാരനായ അഡ്രിയാൻ ലൂണ, ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 56 മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2023-24 സീസണിൽ 11 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ലൂണ സ്കോർ ചെയ്തത്. 2023-24 സീസണിൽ കുറെയേറെ മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു.ലൂണക്ക്‌ സംഭവിച്ച പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആകെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഐഎസ്എൽ പ്ലേഓഫിൽ അദ്ദേഹം തിരിച്ചെത്തിയെങ്കിലും ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

എന്നാൽ, 2024 മെയ്‌ 18-ന് അഡ്രിയാൻ ലൂണ മൂന്ന് വർഷം കൂടി കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു, ഇത് ആരാധകരെ വലിയ ആവേശത്തിൽ ആക്കുകയും ചെയ്തു.