മെസ്സി-ബാഴ്സലോണ ട്രാൻസ്ഫറിൽ വഴിത്തിരിവ്, മുൻപത്തേതിനേക്കാൾ തിരിച്ചുവരവ് സാധ്യത കൂടി

ലയണൽ മെസിയുടെ ട്രാൻസ്‌ഫർ ഫുട്ബോൾ ലോകത്തെ ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയമായി തുടരുകയാണ്. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തയ്യാറല്ലെന്ന് നേരത്തെ അറിയിച്ചു കഴിഞ്ഞു. താരത്തിനായി ഫ്രഞ്ച് ക്ലബ് കരാർ പുതുക്കാനുള്ള ഓഫറുകൾ നൽകിയെങ്കിലും അതിനോടൊന്നും അനുകൂലമായ നിലപാട് അർജന്റീന താരം എടുത്തിട്ടില്ല.

ലയണൽ മെസിയെ സംബന്ധിച്ച് ഫ്രീ ഏജന്റായി ബാഴ്‌സലോണയിലേക്ക് തിരിച്ചു പോവുകയാണ് പ്രധാനപ്പെട്ട ലക്‌ഷ്യം. ബാഴ്‌സലോണയും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് ലാ ലിഗ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ മെസിയെ സ്വന്തമാക്കാൻ കഴിയുകയുള്ളൂ.

ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോൾ താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ബാഴ്‌സലോണ നേതൃത്വത്തിന് ഇല്ലായിരുന്നു. എന്നാലിപ്പോൾ മെസിയെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷ ബാഴ്‌സലോണയിൽ വളർന്നു വരുന്നുണ്ട്. അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റാൻ എഡ്യൂളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലാ ലിഗ വിജയിച്ചതിനു ശേഷം ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട മെസിയെ സ്വന്തമാക്കാൻ സാധ്യമായതെന്തും ക്ലബ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയോട് വരെ മത്സരിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പുറമെ ലീഗ് വിജയം നേടിയതിന്റെ ആഘോഷങ്ങളിൽ ലയണൽ മെസി വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

ലയണൽ മെസി തിരിച്ചുവരുന്നതിന്റെ അരികിലാണെന്ന് ബാഴ്‌സലോണ ആരാധകർക്കും ക്ലബ് നേതൃത്വത്തിനും കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണിത്. ഇനി ലാ ലീഗയുടെ അനുമതി കൂടി ലഭിച്ചാൽ അത് യാഥാർഥ്യമാകും. അതിലേക്കുള്ള യാത്രയിലേക്ക് ബാഴ്‌സലോണയ്ക്ക് വേഗത്തിൽ എത്താൻ കഴിയട്ടെ എന്നാണു ആരാധകരും ആഗ്രഹിക്കുന്നത്.