ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസ് നാളെ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത. ബാഴ്‌സലോണയിൽ വെച്ച് ഡിസംബർ 30ന് തന്നെ ഡാനി ആൽവസ് ലൈംഗികമായി അതിക്രമിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി താരം അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്‌ച ഡാനി ആൽവസിനെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്‌ത്‌ കസ്റ്റഡിയിൽ എടുക്കും. തന്റെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം ഡാനി ആൽവസ് ബാഴ്‌സലോണയിൽ എത്തിയിരുന്നു. ആ സമയത്ത് ഒരു നൈറ്റ് ക്ലബിൽ വെച്ച് താരം അനുവാദം കൂടാതെ ശരീരത്തിൽ സ്‌പർശിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ തനിക്കെതിരായ ആരോപണങ്ങൾ ഡാനി ആൽവസ് നിഷേധിച്ചിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന സമയത്ത്, ആ സ്ഥലത്ത് താൻ ഉണ്ടായിരുന്നുവെന്നു പറഞ്ഞ താരം പക്ഷെ മോശമായ ഒരു പെരുമാറ്റവും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ഡാൻസ് കളിയ്ക്കാൻ ഇഷ്‌ടപ്പെടുന്ന താൻ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ അത് ചെയ്യുക മാത്രമാണുണ്ടായതെന്നും താരം അറിയിച്ചു.

ഇക്കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ സ്‌ക്വാഡിൽ ഉണ്ടായിരുന്ന ഡാനി ആൽവസ് കാമറൂണിനെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ബ്രസീൽ താരമെന്ന റെക്കോർഡ് ഡാനി ആൽവസിന്റെ പേരിലാണുള്ളത്. നാൽപതാം വയസിലും ഫുട്ബോൾ കളത്തിൽ തുടരുന്ന താരം നിലവിൽ മെക്‌സിക്കൻ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്.