അടുത്തത് ബ്രസീലിലേക്കോ, ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടിയുമായി കാർലോ ആൻസലോട്ടി
പതിറ്റാണ്ടുകൾ നീണ്ട പരിശീലക കരിയറിൽ ഇറ്റലിയുടെ സഹപരിശീലകനായിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ദേശീയ ടീമിനെ കാർലോ ആൻസലോട്ടി പരിശീലിപ്പിച്ചിട്ടില്ല. അതേസമയം ക്ലബ് ഫുട്ബോളിൽ നിരവധി ക്ളബുകളെ അദ്ദേഹം പരിശീലിപ്പിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിൽ തന്നെ ഏറ്റവും വിജയം നേടിയ പരിശീലകരിൽ ഒരാളാണ് നിലവിൽ റയൽ മാഡ്രിഡ് മാനേജരായ അദ്ദേഹമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്രസീലിൽ നിന്നും ടിറ്റെ പുറത്തായ ഒഴിവിലേക്ക് പുതിയ പരിശീലകരെ അവർ തേടുകയാണ്. ബ്രസീലിയൻ പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുമുള്ള മികച്ച പരിശീലകരെ തേടുന്ന അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കാർലോ ആൻസലോട്ടിയാണ്. ഇന്ന് മാഡ്രിഡ് ഡെർബി നടക്കാനിരിക്കെ മാധ്യമങ്ങളെ കണ്ടപ്പോൾ ഇതേക്കുറിച്ച് കാർലോ ആൻസലോട്ടി പ്രതികരിക്കുകയുണ്ടായി.
ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനുമായി ഇക്കാര്യത്തിൽ യാതൊരു ചർച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നു പറഞ്ഞ ആൻസലോട്ടി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടന്നാൽ മാധ്യമങ്ങളെ അറിയിക്കണമെന്നാണ് പ്രതികരിച്ചത്. ബ്രസീലിലേക്ക് ചേക്കേറില്ലെന്നും റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നും ആൻസലോട്ടി പറയാത്തത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. റയൽ മാഡ്രിഡ് അദ്ദേഹത്തിന് പകരക്കാരെ തേടുന്നതും ബ്രസീൽ ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
Coaching Brazil in the future?
— The FTBL Index 🎙 ⚽ (@TheFootballInd) January 25, 2023
Ancelotti: "There is nothing yet, if there is talk in the future I will tell you." pic.twitter.com/09P3xjR3s4
ക്ലബ് കരിയറിൽ ഇനി ആൻസലോട്ടിക്ക് യാതൊന്നും നേടാൻ ബാക്കിയില്ല. അതുകൊണ്ടു തന്നെ ദേശീയ ടീമിനെ പരിശീലിപ്പിച്ച് ലോകകപ്പ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിഭകളായ താരങ്ങൾ നിറഞ്ഞ ബ്രസീൽ ടീമിനൊപ്പം അത് നേടാൻ അദ്ദേഹത്തിന് കഴിയും. ബ്രസീലിലെ പല താരങ്ങളെയും ആൻസലോട്ടിക്ക് പരിശീലിപ്പിച്ച് പരിചയവുമുണ്ട്.
യൂറോപ്പിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ കാർലോ ആൻസലോട്ടി പരിശീലകനായി വരണമെന്നാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നുണ്ടാവുക. അതേസമയം ബ്രസീൽ മുൻ സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്കുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. മൗറീന്യോയെ അവർ സമീപിച്ചെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.