ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ജർമൻ ക്ലബ്, നീക്കങ്ങൾ ആരംഭിച്ചു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തിളങ്ങിയ താരമാണ് ഏഞ്ചൽ ഡി മരിയ. ഫൈനലിൽ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌ത ഏഞ്ചൽ ഡി മരിയ കളിക്കളത്തിൽ ഉണ്ടായിരുന്ന സമയം വരെ അർജന്റീനയുടെ ആധിപത്യമായിരുന്നു. 2014 ലോകകപ്പ് ഫൈനലിൽ ഇറങ്ങാൻ കഴിയാതിരുന്നതിന്റെ എല്ലാ നിരാശയും ഇല്ലാതാക്കിയാണ് താരം ഖത്തറിൽ നിറഞ്ഞാടിയത്.

മുപ്പത്തിയഞ്ചുകാരനായ ഏഞ്ചൽ ഡി മരിയ നിലവിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിന് അത് പുതുക്കി നൽകാൻ യുവന്റസിന് താൽപര്യമുണ്ടെങ്കിലും പോയിന്റ് വെട്ടിക്കുറക്കപ്പെട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്‌ടമായ ഇറ്റാലിയൻ ക്ലബിനൊപ്പം ഡി മരിയ തുടർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മാറുന്ന ഏഞ്ചൽ ഡി മരിയക്കു വേണ്ടി ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് നീക്കങ്ങൾ ആരംഭിച്ചിട്ടുണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും അർജന്റീനക്കൊപ്പം ലോകകപ്പും നേടിയിട്ടുള്ള താരത്തിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാണ് ഡോർട്ട്മുണ്ട് ഒരുങ്ങുന്നത്.

ഈ സീസണിൽ ജർമൻ ലീഗ് കിരീടം നേടുന്നതിന് തൊട്ടരികിൽ നിൽക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് താരത്തിന്റെ ഏജന്റുമായി ബന്ധപ്പെട്ടിരുന്നു എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജർമൻ ലീഗിൽ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. അതിൽ വിജയം നേടിയാൽ ലീഗ് സ്വന്തമാക്കാൻ അവസരമുള്ള ഡോർട്ട്മുണ്ട് അടുത്ത സീസണിൽ അത് നിലനിർത്താനുള്ള പദ്ധതികൾ ഇപ്പോഴേ ആവിഷ്‌കരിച്ചു തുടങ്ങുകയാണ്.

ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിൽ കളിക്കാനുള്ള ഓഫർ ഡി മരിയ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നതിൽ സംശയമില്ല. 2024ൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനിരിക്കെ അതിൽ പങ്കെടുത്തു വിരമിക്കാനാണ് ഡി മരിയ ആഗ്രഹിക്കുന്നത്. യൂറോപ്യൻ ടൂർണമെന്റിൽ അടക്കം മത്സരിക്കുന്ന ഒരു ടീമിന്റെ ഭാഗമായാൽ അത് കുറച്ചുകൂടി എളുപ്പത്തിൽ നടക്കുകയും ചെയ്യും.