യൂറോപ്പിലെ ഗോൾവേട്ടക്കാരനാവാൻ അൽവാരസിന്‌ അവസരം, ഓഫറുമായി വമ്പൻ ക്ലബ് രംഗത്ത്

റിവർപ്ലേറ്റിൽ മികച്ച പ്രകടനം നടത്തിയിരുന്ന ജൂലിയൻ അൽവാരസ്‌ ഈ സീസണിന് മുന്നോടിയായാണ് മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേർന്നത്. എന്നാൽ എർലിങ് ഹാലാൻഡിന്റെ വരവോടെ ടീമിലെ പകരക്കാരൻ സ്‌ട്രൈക്കർ ആകാനായിരുന്നു അർജന്റീന താരത്തിന്റെ വിധി. എന്നാൽ അവസരം കിട്ടുന്ന സമയത്തെല്ലാം തന്റെ കഴിവ് അർജന്റീന താരത്തിനു കൃത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അൽവാരസിന്റെ മികവെന്താണെന്നു വ്യക്തമായത് ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിലായിരുന്നു. ലൗടാരോ മാർട്ടിനസസിനു ഫോം നഷ്‌ടമായപ്പോൾ പകരക്കാരനായി ഇറങ്ങിയ താരം മെസിക്ക് പിന്നിൽ ടൂർണമെന്റിലെ ടോപ് സ്കോററായായിരുന്നു. അർജന്റീനയുടെ നിരവധി വർഷങ്ങൾക്ക് ശേഷമുള്ള അർജന്റീനയുടെ കിരീടനേട്ടത്തിൽ വളരെ വലിയ പങ്കാണ് ഇരുപത്തിമൂന്നു വയസുള്ള താരം വഹിച്ചത്.

ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി നിൽക്കേണ്ട താരമല്ല താനെന്ന് തെളിയിച്ചിട്ടുള്ള അൽവാരസിന് മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള അവസരം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ് അൽവാരസിനായി രംഗത്തു വന്നിട്ടുള്ളത്. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ലെവൻഡോസ്‌കിക്ക് പകരക്കാരനെന്ന നിലയിലാണ് അൽവാരസിനെ ബയേൺ നോട്ടമിടുന്നത്.

ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കർ ഹാരി കേൻ, ഫ്രാങ്ക്ഫർട്ട് താരമായ കൊളോ മുവാനി എന്നിവരെല്ലാം ബയേണിന്റെ ലിസ്റ്റിൽ ഉണ്ടെങ്കിലും അവർ കൂടുതൽ പരിഗണിക്കുന്നത് അൽവാരസിനെയാണ്. ജോഷുവ കിമ്മിച്ചിൽ പെപ് ഗ്വാർഡിയോളക്കുള്ള താൽപര്യം മുതലെടുത്ത് കൈമാറ്റക്കരാറിൽ അൽവാരസിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിന് അവസരമുണ്ട്.

എന്നാൽ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങി ഹാലാൻഡിനു പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാമത്തെ പ്രധാന ഗോൾവേട്ടക്കാരനായ അൽവാരസിനെ വിട്ടുകൊടുക്കാൻ ഗ്വാർഡിയോളക്ക് താത്പര്യമുണ്ടാകാൻ സാധ്യതയില്ല. 2028 വരെ താരത്തിന് കരാർ ബാക്കിയുണ്ടെന്നതും താരത്തെ സ്വന്തമാക്കാൻ താൽപര്യമുള്ള ബയേൺ മ്യൂണിക്കിന് ആശങ്ക നൽകുന്ന കാര്യമാണ്.